ഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതിക്ക് നേരെയുണ്ടായ ആക്രമണത്തെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി. ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമം നടന്നുവെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിന്‍ സാംഘി അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. അക്രമികള്‍ നിയമം കൈയിലെടുത്തു. സംഭവം നടക്കുമ്പോള്‍ പോലീസുകാരുടെ എണ്ണവും പരിമിതമായിരുന്നു. അക്രമം സംബന്ധിച്ച് മുന്‍കൂര്‍ വിവരം ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ ഡല്‍ഹി പോലീസ് വിശദീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. അന്വേഷണ പുരോഗതി വ്യക്തമാക്കി രണ്ടാഴ്ചയ്ക്കകം ഡല്‍ഹി പോലീസ് തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിച്ചു വയ്ക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.
ആം ആദ്മി പാര്‍ട്ടി നേതാവ് സൗരഭ് ഭരദ്വാജ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ബിജെപിയാണ് ബുധനാഴ്ച നടന്ന ആക്രമണത്തിന് പിന്നില്‍. ഡല്‍ഹി പോലീസിന്റെ മൗനാനുവാദത്തോടെയായിരുന്നു അക്രമമെന്നും ഹര്‍ജിയില്‍ ആരോപിച്ചു. നിയമസഭയില്‍ കെജ്രിവാള്‍ കശ്മീര്‍ ഫയല്‍സ് സിനിമയ്‌ക്കെതിരെയും കശ്മീരി പണ്ഡിറ്റുകള്‍ക്കെതിരെയും പരാമര്‍ശം നടത്തിയിരുന്നു. ഇതിന് ശേഷമാണ് അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതിക്ക് നേരേ ബിജെപി – യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി അക്രമം നടത്തിയത്. അക്രമാസക്തരായ ബി.ജെ.പി പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡുകള്‍ ഉള്‍പ്പടെ തകര്‍ത്തിരുന്നു. മന്ത്രിയുടെ വീടിന് സമീപം സ്ഥാപിച്ചിരുന്ന സിസിടിവി കാമറകള്‍ ഉള്‍പ്പടെ അക്രമിസംഘം അടിച്ചുതകര്‍ത്തിരുന്നു.