തിരുവനന്തപുരം: ബാലുശേരി എംഎൽഎ സച്ചിൻ ദേവിന്റെയും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെയും വിവാഹ നിശ്ചയം ഞായർ രാവിലെ എകെജി സെന്ററിൽ വച്ച് നടന്നിരുന്നു. പിന്നാലെ ചടങ്ങിന്റെ ചിത്രം പങ്കിട്ട് പ്രണയത്തിന്റെ കുറിപ്പ് പങ്കിടുകയാണ് ആര്യ. ‘സങ്കടങ്ങൾ ചേർത്തുവയ്ക്കുമ്പോഴും പ്രണയമുണ്ടാവുമെന്നത് മനസ്സിലായത് നിന്നോട് മിണ്ടിത്തുടങ്ങിയ ശേഷമാണ്.’ മേയർ ഫെയ്സ്ബുക്കിൽ കുറിച്ചു. സച്ചിന്റെയും ആര്യയുടെയും അടുത്ത ബന്ധുക്കളും പാര്‍ട്ടി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. മന്ത്രി വി. ശിവൻകുട്ടി, വി.കെ.പ്രശാന്ത് എംഎൽഎ തുടങ്ങിയവരും ചടങ്ങിനെത്തി.
വിവാഹ തീയതി പിന്നീടു തീരുമാനിക്കുമെന്ന് സച്ചിൻ ദേവ് പറഞ്ഞു. ഉചിതമായ സാഹചര്യം നോക്കി തീയതി തീരുമാനിച്ചു വിവാഹം നടത്തും. ഇരുവർക്കും ചുമതലകളുണ്ട്. അത് ഞങ്ങൾ നിർവഹിക്കും. അതിൽ വിവാഹം പ്രത്യേകമായ പ്രശ്നമായി തോന്നുന്നില്ലെന്നും സച്ചിന് ദേവ് വ്യക്തമാക്കി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമാണ് സച്ചിൻദേവ്. ആര്യ രാജേന്ദ്രൻ എസ്എഫ്ഐ സംസ്ഥാന സമിതി അംഗവും സിപിഎം ചാല ഏരിയാ കമ്മിറ്റി അംഗവുമാണ്.