കോഴിക്കോട്: പാർട്ടിയുടെ താക്കീതിനെ ഗൗരവമായി കാണുന്നുവെന്ന് ആര്യാടൻ ഷൌക്കത്ത്. പലസ്തീൻ റാലി മാറ്റിവെക്കാനാണ് പാർട്ടി ആവശ്യപ്പെട്ടത്, മാറ്റിവെക്കാൻ പറ്റുന്ന സാഹചര്യം ആയിരുന്നില്ല അതുകൊണ്ടാണ് റാലി നടത്തിയത്. വൈകിയാണെങ്കിലും കോഴിക്കോട് വൻ ജനപങ്കാളിതത്തോടെ പാർട്ടി റാലി നടത്തിയതിൽ സന്തോഷം. ആര്യാടൻ ഫൌണ്ടേഷൻ വിഭാഗീയ പ്രവർത്തനം നടത്താൻ ഉള്ള സംവിധാനം അല്ല. മണ്ഡലം പ്രസിഡന്റ്‌മാരുടെ നിയമനത്തിൽ നൽകിയ പരാതികൾ അച്ചടക്ക സമിതിക്കു മുമ്പിൽ ഉണ്ട് അതൊക്കെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ആര്യാടൻ ഷൌക്കത്ത് പറഞ്ഞു.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പുകഴ്ത്തിയതിൽ പ്രതികരിക്കാനില്ല. നല്ലതും മോശവും ഒക്കെ പറയുന്നത് അവരവരുടെ ഇഷ്ടമാണെന്നും ആര്യാടൻ ഷൌക്കത്ത് പ്രതികരിച്ചു. നേരത്തെ ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള അച്ചടക്ക സമിതി ശുപാർശ കെപിസിസി നേതൃത്വം അംഗീകരിച്ചിരുന്നു. ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ റാലി നടത്തിയത് അച്ചടക്ക ലംഘനമാണെന്നാണ് കെപിസിസി വിലയിരുത്തൽ. ആര്യാടൻ ഫൗണ്ടേഷന്റെ പരിപാടികൾ ഡിസിസിയെ മുൻകൂട്ടി അറിയിക്കണം. അച്ചടക്കലംഘനം ആവർത്തിക്കരുത്. ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ സമാന്തര കമ്മിറ്റികൾ പാടില്ലെന്നും കെപിസിസി വ്യക്തമാക്കിയിട്ടുണ്ട്.