ദില്ലി: കോൺഗ്രസ് നേതാവും റായ്ബറേലി സ്ഥാനാർത്ഥിയുമായ രാഹുൽഗാന്ധിയുടെ വിവാഹത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചും പ്രതികരണവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തൻ്റെ സഹോദരൻ വിവാഹിതനും സന്തോഷവാനും പിതാവാകാനും താൻ ആഗ്രഹിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ദേശീയ മാധ്യമത്തിന് നൽകിയ ഒരു അഭിമുഖത്തിലാണ് പ്രിയങ്കയുടെ പരാമർശം.
“ഒരു സഹോദരിയെന്ന നിലയിൽ, എൻ്റെ സഹോദരൻ സന്തുഷ്ടനായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം വിവാഹിതനാകാനും അവന് കുട്ടികളുണ്ടാകാനും ഞാൻ ആഗ്രഹിക്കുന്നു.”-പ്രിയങ്ക പറഞ്ഞു. രാഹുലിനെ കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷമായ ഇന്ത്യാ ബ്ലോക്കിൻ്റെ പ്രധാനമന്ത്രിയാക്കിയാൽ സന്തോഷിക്കുമോ എന്ന ചോദ്യത്തിനും പ്രിയങ്ക മറുപടി പറഞ്ഞു. ഇന്ത്യ ബ്ലോക് അധികാരത്തിൽ വന്നാൽ ഇന്ത്യ മുന്നണിയാണ് അക്കാര്യം തീരുമാനിക്കുകയെന്നും പ്രിയങ്ക പ്രതികരിച്ചു.
“ഞങ്ങൾ രണ്ടുപേരും രാജ്യത്തുടനീളം പ്രചാരണം നടത്തുകയായിരുന്നു. ഞാൻ 15 ദിവസമായി ഇവിടെയുണ്ടെന്ന് നിങ്ങൾക്ക് കാണാം. റിമോട്ട് കൺട്രോൾ ഉപയോഗിച്ച് നിങ്ങൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയുന്ന മണ്ഡലങ്ങളല്ലാത്തതിനാൽ ആരെങ്കിലും ഇവിടെ ഉണ്ടായിരിക്കണം. ഞങ്ങൾ ഇവിടെ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഈ മണ്ഡലങ്ങളിലെ ആളുകളുമായി ഞങ്ങൾക്ക് കുടുംബ ബന്ധമുണ്ട്. ഞങ്ങൾ ഇവിടെ ഉണ്ടായിരിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
കഴിഞ്ഞ ദിവസം റായ്ബറേലിയിൽ നടന്ന റാലിയിൽ താൻ ഉടൻ വിവാഹിതനാകുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് രാഹുൽ ഗാന്ധി തൻ്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞത്. റായ്ബറേലിയിൽ നടന്ന റാലിയിൽ സഹോദരിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി വാദ്രയും പങ്കെടുത്തിരുന്നു. എപ്പോഴാണ് വിവാഹം കഴിക്കുന്നതെന്ന് ചോദിച്ചപ്പോൾ എനിക്ക് ഉടൻ വിവാഹം കഴിക്കേണ്ടി വരുമെന്നായിരുന്നു പുഞ്ചിരിയോടെ രാഹുലിന്റെ മറുപടി.
കഴിഞ്ഞ വർഷം ജയ്പൂരിലെ മഹാറാണി കോളേജിൽ വിദ്യാർത്ഥിനികളുമായുള്ള സംവാദത്തിനിടയിലും രാഹുൽ വിവാഹത്തെകുറിച്ചുള്ള ചോദ്യം നേരിട്ടിരുന്നു. മിടുക്കനും സുന്ദരനുമായിട്ടും എന്തുകൊണ്ടാണ് വിവാഹം ആലോചിക്കാത്തതെന്നായിരുന്നു ഒരു വിദ്യാർത്ഥിയുടെ ചോദ്യം. ഇതിന് മറുപടിയായി, തൻ്റെ ജോലിക്കും കോൺഗ്രസ് പാർട്ടിക്കുമായി താൻ പൂർണ്ണമായും അർപ്പണ ബോധത്തോടെ പ്രവർത്തിക്കുകയാണെന്നായിരുന്നു ഗാന്ധിയുടെ മറുപടി. ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കുമെന്നും ആദ്യ മൂന്നു ഘട്ട തെരഞ്ഞെടുപ്പുകളിൽ നിന്ന് തന്നെ ഇന്ത്യ സഖ്യം അധികാരത്തിലേറുമെന്ന് വ്യക്തമായതായും രാഹുൽ ഗാന്ധി പറഞ്ഞു. എല്ലാവരോടും വോട്ട് ചെയ്യാനും രാഹുൽ ആഹ്വാനം ചെയ്തിരുന്നു.