തിരുവനന്തപുരം> ഏഷ്യ യൂറോപ്പ് മീറ്റിംഗ് എജുക്കേഷൻ ആൻഡ് റിസർച്ച് ഹബ് ലൈഫ് ലോങ്ങ് ലേർണിംഗ് (ASEM- LLL Hub) അധ്യക്ഷൻ പ്രൊഫ. ഡോ. സീമസ് ഓ തുവാമ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവുമായി കൂടിക്കാഴ്‌ച നടത്തി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ വനിതാ വിദ്യാഭ്യാസ മുന്നേറ്റം, നൈപുണ്യ പരിശീലനം, ട്രാൻസ്ജെണ്ടർ വിഭാഗങ്ങൾക്ക് നൽകുന്ന പിന്തുണ, പ്രാദേശിക വിജ്ഞാനം, ലൈഫ് ലോങ്ങ് ലേണിംഗ് എന്നീ രംഗത്തെ മികവുകളെ ഏഷ്യാ പസഫിക്ക് യൂറോപ്പ് മേഖലകളിൽ പ്രചരിപ്പിക്കാനും ആ രംഗത്ത് ഗവേഷണ പ്രവർത്തങ്ങൾക്കും എക്സ്ചേഞ്ച് പ്രോഗ്രാമുകൾക്കും അവസരമൊരുക്കാനും കൂടിക്കാഴ്ചയിൽ ധാരണയായതായി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.
ഈ മേഖലയിലെ കേരളത്തിന്റെ പരിശ്രമങ്ങൾക്ക് എഎസ്ഇഎമ്മിന്റെ പിന്തുണയും സഹായവാഗ്ദാനവും പ്രൊഫ. ഡോ. സീമസ് ഓ തുവാമ ഉറപ്പു നൽകി. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയ് ഐ എ എസ്, അസാപ് കേരള സിഎംഡി ഡോ. ഉഷ ടൈറ്റസ് എന്നിവർ പങ്കെടുത്തു.
ഏഷ്യയിലെയും യൂറോപ്പിലെയും സർവ്വകലാശാലകൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ഏഷ്യൻ യൂറോപ്യൻ രാഷ്ട്രീയ ഡയലോഗ് ഫോറമാണ് എഎസ്ഇഎം നിലവിൽ 51 രാജ്യങ്ങളാണ് ഈ ഫോറത്തിന്റെ ഭാഗമായിട്ടുള്ളത്. ഇതിന്റെ ഭാഗമായി യൂറോപ്യൻ സർവ്വകലാശാലകളിൽ നിന്നുമുള്ള പ്രതിനിധി സംഘത്തിന്റെ ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായാണ് അവർ കേരളത്തിലെത്തിയത്.