ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം. ആദ്യ ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 267നു പുറത്തായി. ഇതോടെ വെറും 82 റണ്‍സിന്റെ ലീഡ് മാത്രമാണ് ഓസ്‌ട്രേലിയക്ക് ആദ്യ ഇന്നിംഗ്‌സില്‍ ലഭിച്ചത്. 76 റണ്‍സെടുത്ത ഓപ്പണര്‍ മാര്‍കസ് ഹാരിസ് മാത്രമാണ് ഓസീസ് നിരയില്‍ തിളങ്ങിയത്. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്‌സണ്‍ 4 വിക്കറ്റ് വീഴ്ത്തി. 38 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍ ആണ് ഓസീസ് നിരയിലെ രണ്ടാം ടോപ്പ് സ്‌കോറര്‍. 8 വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് എന്ന നിലയിലായിരുന്ന ഓസ്‌ട്രേലിയക്ക് അവസാന രണ്ട് വിക്കറ്റുകളിലെ പ്രകടനങ്ങള്‍ ഊര്‍ജമായി. കമ്മിന്‍സ് 21 റണ്‍സെടുത്തപ്പോള്‍ സ്റ്റാര്‍ക്ക് 24 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 185 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. 3 വിക്കറ്റ് വീഴ്ത്തി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍നും നതാന്‍ ലിയോണും മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ മറ്റ് ബൗളര്‍മാരും വിക്കറ്റ് കോളത്തില്‍ ഇടം നേടി. ജോ റൂട്ട് (50), ജോണി ബെയര്‍സ്റ്റോ (35) എന്നിവര്‍ മാത്രമാണ് ഇംഗ്ലണ്ടിനായി മികച്ച പ്രകടനം നടത്തിയത്. രണ്ടാം ഇന്നിംഗ്‌സില്‍ 7 റണ്‍സ് എടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് 2 വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു. തുടരെയുള്ള പന്തുകളില്‍ സാക്ക് ക്രൗളിയെയും (5) ഡേവിഡ് മലനെയും (0) പുറത്താക്കിയ സ്റ്റാര്‍ക്ക് ഇംഗ്ലണ്ടിനെ തുടക്കത്തില്‍ തന്നെ ബാക്ക്ഫൂട്ടിലാക്കിയിരിക്കുകയാണ്.