ദില്ലി: രാജ്യത്തെ നികുതി വരുമാനം ഉയരാൻ കാരണം നോട്ട് നിരോധനമാണെന്ന് റിസർവ് ബാങ്കിന്റെ പണനയ കമ്മിറ്റി മെമ്പർ അഷിമ ഗോയൽ. രാജ്യത്തിന്റെ വളർച്ചയ്ക്ക് കരുത്ത് പകരുന്ന നടപടിയായിരുന്നെന്നും അവർ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി 2016 നവംബർ എട്ടിനാണ് രാജ്യത്ത് നിലവിലുണ്ടായിരുന്ന 1000 രൂപയുടെയും 500 രൂപയുടെയും കറൻസി നോട്ടുകൾ നിരോധിച്ചത്. രാജ്യത്ത് കള്ളപ്പണം കുറയ്ക്കുകയും ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ ശക്തിപ്പെടുത്തുകയുമായിരുന്നു ഈ നീക്കത്തിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിട്ടത്.
നോട്ട് നിരോധനം കുറച്ച് കാലത്തേക്ക് ബുദ്ധിമുട്ടായിരുന്നുവെങ്കിലും ദീർഘകാല അടിസ്ഥാനത്തിൽ നേട്ടമുണ്ടാക്കുന്ന തീരുമാനമായിരുന്നുവെന്ന് അഷിമ ഗോയൽ അഭിപ്രായപ്പെട്ടു. ഡിജിറ്റൽ പണമിടപാടുകൾ ശക്തിപ്പെട്ടതും നികുതി വെട്ടിപ്പുകൾ കുറയ്ക്കാനായതും നോട്ട് നിരോധനം കൊണ്ടുണ്ടായ നേട്ടമാണെന്നും അവർ കൂട്ടിച്ചേർത്തു.നടപ്പ് സാമ്പത്തിക വർഷത്തിലെ ഇതുവരെയുള്ള നികുതി വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 24 ശതമാനം ഉയർന്നുവെന്ന് ഒക്ടോബർ ഒൻപതിന് കേന്ദ്ര ധനകാര്യ മന്ത്രാലയം പുറപ്പെടുവിച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. 8.98 ലക്ഷം കോടി രൂപയാണ് കോർപ്പറേറ്റ് നികുതി ഇനത്തിലും വ്യക്തിഗത നികുതി ഇനത്തിലും നടപ്പ് സാമ്പത്തിക വർഷത്തിൽ കേന്ദ്ര സർക്കാരിന് ലഭിച്ചത്.