ജയ്പൂർ: രാജസ്ഥാൻ ബജറ്റ് രാജ്യത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ബജറ്റിന്‍റെ പകർപ്പ് പ്രധാനമന്ത്രിക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗെഹ്ലോട്ട് നിയമസഭയിൽ അബദ്ധത്തിൽ പഴയ ബജറ്റ് അവതരിപ്പിച്ചതിനെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗെഹ്ലോട്ടിന്‍റെ പ്രസ്താവന.
‘ഞാൻ ബജറ്റിന്‍റെ ഒരു പകർപ്പ് പ്രധാനമന്ത്രിക്ക് അയക്കാം. അത് അദ്ദേഹത്തിന് ധനമന്ത്രി നിർമല സീതാരാമന് നൽകാം. ഞങ്ങളുടെ ബജറ്റ് ഒരു മാതൃക ബജറ്റാണെന്ന് അവർക്ക് മനസിലാവും. ഞങ്ങൾ രാജസ്ഥാനിൽ അവതരിപ്പിച്ച ബജറ്റ് രാജ്യത്തിന് മാതൃകയാണ്’ -ഗെഹ്ലോട്ട് പറഞ്ഞു. സർക്കാർ എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചതായി പറഞ്ഞ ഗെഹ്ലോട്ട് ഇത്തരമൊരു ബജറ്റ് അപൂർവമാണെന്നും അവകാശപ്പെട്ടു.
കോൺഗ്രസിന് വീക്ഷണമില്ലെന്നും അവരുടെ പ്രഖ്യാപനം പേപ്പറിൽ ഒതുങ്ങുമെന്നും ഞായറാഴ്ച രാജസ്ഥാനിലെ ദൗസയിൽ നടന്ന റാലിയിൽ നരേന്ദ്രമോദി പറഞ്ഞിരുന്നു. ഗെഹ്ലോട്ട് ബജറ്റ് മാറി വായിച്ചതും അദ്ദേഹം പ്രസംഗത്തിനിടെ പരാമർശിച്ചിരുന്നു.
വെള്ളിയാഴ്ചയാണ് നിയമസഭയിൽ ഗെഹ്ലോട്ട് പഴയ ബജറ്റ് അവതരിപ്പിച്ചത്. ആദ്യത്തെ ഏഴുമിനിറ്റ് വായിച്ച ശേഷമാണ് അവതരിപ്പിക്കുന്നത് പഴയ ബജറ്റാണെന്ന് മനസിലായത്. ഉടൻ ചീഫ് വിപ്പ് ഇടപെട്ട് ബജറ്റ് അവതരണം നിർത്തുകയായിരുന്നു.