ബംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ഓഡിറ്ററായി ജോലി ചെയ്യുന്നയാളെ ആക്രമിച്ച കേസിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കമ്പനിയിലെ സഹപ്രവർത്തകരായ ഉമാശങ്കറും വിനേഷും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. കമ്പനിയിൽ പുതുതായി ജോലിയ്ക്കെത്തിയ സുരേഷ് എന്നയാളെയാണ് ഇവർ ആക്രമിച്ചത്. വെള്ളിയാഴ്ചയാണ് കേസിന്നാസ്പദമായ സംഭവം. ബെംഗളൂരുവിലെ ഒരു പാൽ ഉൽപന്ന കമ്പനിയിൽ ഓഡിറ്ററായാണ് സുരേഷ് ജോലി ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ഉമാശങ്കറും വിനേഷും ഇയാളോടൊപ്പം കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഒരു വർഷം മുമ്പ് കമ്പനിയിൽ ജോയിൻ ചെയ്ത സുരേഷ് ഓഡിറ്റിംഗിൽ കാർക്കശ്യക്കാരനായിരുന്ന ഉദ്യോഗസ്ഥനായിരുന്നു. എല്ലാ ജീവനക്കാരോടും സ്റ്റോക്ക് ബാലൻസ് ഉടൻ ക്ലിയർ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ പ്രതികൾ വീഴ്ച വരുത്തിയിരുന്നു. തുടർന്ന് സുരേഷ് ഇക്കാര്യം കമ്പനിയിലെ ഉന്നതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ഉമാശങ്കറിനും വിനേഷിനുമെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്തു. സുരേഷിൻ്റെ നടപടിയിൽ പ്രകോപിതരായ ഇരുവരും ഇയാളെ വകവരുത്താനായി ഗുണ്ടകളെ വാടകയ്ക്കെടുത്ത് ആക്രമണം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്.