ആലപ്പുഴ: സ്പെയിനിൽ ഒക്ടോബറിൽ ഒരു മാസക്കാലം നടക്കുന്ന ഫുട്ബോൾ പരിശീലനത്തിൽ പങ്കെടുക്കണമെങ്കിൽ പാർത്ഥന് ഉദാരമതികളുടെ സഹായം വേണം. മാവേലിക്കര നൂറനാട് ഉളവുക്കാട് മലയുടെ കിഴക്കതിൽ അനിതയുടെ മകൻ ബി പാർത്ഥനെ (20)യാണ് സ്പെയിനിൽ നടക്കുന്ന ഫുട്ബോൾ പരിശീല ക്യാമ്പിലേക്ക് തെരഞ്ഞെടുത്തത്. കഴിഞ്ഞ 12ന് പാലക്കാട് മണ്ണാർക്കാട്ടുവെച്ച് ചെന്നൈ ഫുട്ബോൾ പ്ലസ് പ്രൊഫഷണല്‍ സോക്കർ അക്കാദമി നടത്തിയ ക്യാമ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് സെലക്ഷൻ ലഭിച്ചത്. ഇരുന്നൂറോളം പേരാണ് ഈ സെലക്ഷൻ ക്യാമ്പിൽ പങ്കെടുത്തത്. എന്നാൽ പരിശീലനത്തിൽ പങ്കെടുക്കാനുള്ള ചെലവ് സ്വയം വഹിക്കണമെന്ന വ്യവസ്ഥ ഈ യുവാവിനെ നിരാശപ്പെടുത്തുകയാണ്. പരീശീലന കാലയളവിലെ ചെലവുകൾക്കും, യാത്ര എന്നിവയ്ക്കുമായി നാല് ലക്ഷത്തോളം രൂപ ചെലവ് വരും. ഈ മാസം 31 നകം പരിശീലനത്തിന് ആവശ്യമായ തുക അടച്ചാൽ മാത്രമേ പങ്കെടുക്കാൻ കഴിയു.
നിർധന കുടുംബത്തിലെ അംഗമായ പാർത്ഥന് ഇത്രയും തുക കണ്ടെത്താനാവാത്ത സാഹചര്യമാണുള്ളത്. അമ്മ അനിതയുടെയും സഹോദരി ആരതിയുടെയും ഏക പ്രതീക്ഷയാണ് ഈ യുവാവ്. കുടുംബചെലവുകൾ പോലും ബന്ധുക്കളുടെ സഹായത്താൽ നടക്കുന്ന സാഹചര്യത്തിൽ ഇത്രയും വലിയ തുക എങ്ങനെ കണ്ടെത്തുമെന്ന വിഷമത്തിലാണ് കുടുംബം. ഫുട്ബോൾ കളി തന്റെ ജീവിതത്തിന്റെ ഭാഗമായി കാണുന്ന ഈ ചെറുപ്പക്കാരൻ സ്കൂൾ തലം മുതൽ നാട്ടിലെ വിവിധ ക്ലബുകൾക്കു വേണ്ടി മത്സര രംഗത്ത് സജീവമാണ്. നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ള ഈ യുവാവിന്റെ സ്വപ്നമാണ് പരീശീലനത്തിൽ പങ്കെടുക്കുക എന്നത്. പ്ലസ് ടുവും ഇൻസ്ട്രമെന്റേഷൻ കോഴ്സ് പഠനവും കഴിഞ്ഞ ഈ ചെറുപ്പക്കാരനെ വ്യക്തികളോ, സംഘടനകളോ മനസ് വെച്ചെങ്കിൽ മാത്രമേ ഈ പരിശീലനത്തിൽ പങ്കെടുക്കുവാൻ കഴിയൂ. ഉദാരമതികൾ എത്തുമെന്ന പ്രതീക്ഷയിലാണ് പാർത്ഥൻ.