ദില്ലി : കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയ്‌ക്കെതിരെ ആഞ്ഞടിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പാർട്ടി നേതാവ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര പാകിസ്ഥാനിലാണ് നടത്തേണ്ടതെന്ന് ഹിമന്ത ബിശ്വ ശർമ്മ പരിഹസിച്ചു. 1947ൽ കോൺഗ്രസിന്റെ കീഴിൽ ഇന്ത്യ വിഭജിക്കപ്പെട്ടു. ഇനി ‘ഭാരത് ജോഡോ യാത്ര’ക്കായി കോൺഗ്രസ് പാകിസ്ഥാനിലേക്ക് പോകണം. ഇന്ത്യ ഒറ്റക്കെട്ടായതിനാൽ രാഹുൽ ഗാന്ധി ഈ യാത്ര പാകിസ്ഥാനിൽ നടത്തണമെന്നുമാണ് ഹിമന്ത ബിശ്വ ശർമ്മ ആഞ്ഞടിച്ചത്.
ഹിമന്ത ബിശ്വ ശർമ്മയുടെ പരിഹാസത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ കുട്ടിയാണെന്നും പക്വതയില്ലാത്തവനാണെന്നും തന്റെ പുതിയ യജമാനന്മാരോടുള്ള വിശ്വസ്തത തെളിയിക്കാൻ മാത്രമാണ് അദ്ദേഹം പ്രസ്താവനകൾ നടത്തുന്നതെന്നും ജയറാം രമേഷ് പരിഹസിച്ചു.
കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള ‘ഭാരത് ജോഡോ യാത്ര’ ബുധനാഴ്ച തുടങ്ങുകയാണ് കോൺഗ്രസ്. തെക്കൻ കന്യാകുമാരി ജില്ലയിൽ നിന്ന് ആരംഭിക്കുന്ന പദയാത്ര 12 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും ഉൾക്കൊള്ളും. അഞ്ച് മാസം നീണ്ടുനിൽക്കുന്ന യാത്ര 3500 കിലോമീറ്റർ പിന്നിട്ട ശേഷം കശ്മീരിൽ സമാപിക്കും.
തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച് തിരുവനന്തപുരം, കൊച്ചി, നിലമ്പൂർ, മൈസൂരു, ബെല്ലാരി, റായ്‌ച്ചൂർ, വികാരാബാദ്, നന്ദേഡ്, ജൽഗാവ്, ഇൻഡോർ, കോട്ട, ദൗസ, അൽവാർ, ബുലന്ദ്‌ഷഹർ, ഡൽഹി, അംബാല, പത്താൻകോട്ട് എന്നിവിടങ്ങളിലൂടെ വടക്കോട്ട് നീങ്ങും. ജമ്മു, ശ്രീനഗറിൽ അവസാനിക്കും.
തങ്ങളുടെ ‘ഭാരത് ജോഡോ യാത്ര’ ഒരു തരത്തിലും ‘മൻ കി ബാത്ത്’ അല്ലെന്നും, ജനങ്ങളുടെ ആശങ്കകളും ആവശ്യങ്ങളും ദില്ലിയിലെത്തുന്നുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിനെ പരിഹസിച്ച് കോൺഗ്രസ് തിങ്കളാഴ്ച പറഞ്ഞിരുന്നു.
രാജ്യം വിഭജിക്കപ്പെടുന്നതിനാൽ ‘ഭാരത് ജോഡോ’ ആവശ്യമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. “വിഭജനത്തിന്റെ ആദ്യ കാരണം സാമ്പത്തിക അസമത്വമാണ്, രണ്ടാമത്തേത് സാമൂഹിക ധ്രുവീകരണവും മൂന്നാമത്തേത് രാഷ്ട്രീയ കേന്ദ്രീകരണവും. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കപ്പെടുന്നു. അതിനാൽ ഇപ്പോൾ രാജ്യത്തെ ഒന്നിപ്പിക്കേണ്ടത് പ്രധാനമാണ്,” അദ്ദേഹം പറഞ്ഞു.