ഗുവാഹത്തി : മഹാരാഷ്ട്രയെ പിടിച്ചുകുലുക്കിയ വിമത നീക്കത്തിനിടെ എംഎൽഎമാർ ഗുവാഹത്തിയിലെ ഒരു ഹോട്ടലിൽ കഴിയുന്ന വിവരം തനിക്ക് അറിയില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. “അസാമിൽ ധാരാളം നല്ല ഹോട്ടലുകളുണ്ട്, ആർക്കും അവിടെ വന്ന് താമസിക്കാം… അതിൽ ഒരു പ്രശ്നവുമില്ല. മഹാരാഷ്ട്ര എംഎൽഎമാർ അസമിൽ താമസിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. മറ്റ് സംസ്ഥാനങ്ങളിലെ എംഎൽഎമാർക്കും അസമിൽ വന്ന് താമസിക്കാം” – ശർമ്മ എഎൻഐയോട് പറഞ്ഞു.
മഹാരാഷ്ട്ര സർക്കാരിലെ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ 40-ലധികം വരുന്ന ശിവസേന എംഎൽഎമാരുടെ വിമത സംഘം ഗുവാഹത്തിയിലെ ഹോട്ടലിലാണ് ക്യാമ്പ് ചെയ്യുന്നത്. കൂറുമാറ്റ നിരോധന നിയമത്തിൽ വീഴ്ച വരുത്താതെ നിയമസഭയിൽ പാർട്ടിയെ പിളർത്താൻ ആവശ്യമായ നിർണായക സംഖ്യ 37-ൽ എത്തിച്ചിരിക്കുകയാണ് സേന എംഎൽഎ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത ക്യാമ്പ്. രണ്ട് സേന എംഎൽഎമാർ കൂടി ചേർന്നാൽ ഷിൻഡെക്കൊപ്പം ഉള്ളവരുടെ എണ്ണം 39 ആകും. സ്വതന്ത്ര എംഎൽഎമാരുൾപ്പെടെ 42 ആണ് ഷിൻഡെയുടെ ആകെ അംഗബലം. തന്റെ പക്ഷത്ത് 42 എംഎൽഎമാരുണ്ടെന്ന് കാണിക്കാൻ ഷിൻഡെയുടെ ക്യാമ്പ് ഗുവാഹത്തിയിലെ ഹോട്ടലിൽ നിന്നുള്ള ദൃശ്യങ്ങൾ പോസ്‌റ്റ് ചെയ്‌തിരുന്നു.
അതേസമയം എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ആവശ്യവുമായി ശിവസേന രംഗത്തെത്തി. 13 എംഎൽഎമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി സ്പീക്കർക്ക് ശിവസേന കത്ത് നൽകി. കൈമാറിയ പട്ടികയിൽ ആദ്യ പേര് ഏക‍്‍നാഥ് ഷിൻഡെയുടേതാണ്. ഷിൻഡെക്ക് പുറമേ, പ്രകാശ് സുർവെ, തനാജി സാവന്ത്, മഹേഷ് ഷിൻഡെ, അബ്‍ദുൾ സത്താർ, സന്ദീപ് ഭുംറെ, ഭരത് ഗോഗാവാലെ, സഞ്ജയ് ഷിർസാത്, യാമിനി ജാദവ്, അനിൽ ബാബർ, ബാലാജി ദേവ്ദാസ്, ലതാ സോനാവെയ്ൻ എന്നിവരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയിട്ടുള്ളത്.
എന്നാൽ തന്നെ ശിവസേനയുടെ നിയസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തെന്ന് ചൂണ്ടിക്കാട്ടി ഏക‍്‍നാഥ് ഷിൻഡെ ഗവർണർക്കും (governor)ഡെപ്യൂട്ടി സ്പീക്കർക്കും കത്തയച്ചു. ഭാരത് ഗോഗോവാലയെ ചിഫ് വിപ്പായി തെരഞ്ഞെടുത്തെന്നും ഷിൻഡെ വ്യക്തമാക്കിയിട്ടുണ്ട്. 37 ശിവസേന എംഎൽഎമാർ ഒപ്പിട്ട കത്താണ് അയച്ചത്. നിലവിൽ 42 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ഷിൻഡെയുടെ അവകാശവാദം. വിമത എംഎൽഎമാർ ഇപ്പോഴും ഗുവാഹത്തിയിലെ ഹോട്ടലിൽ തുടരുകയാണ്.