ഗുവാഹത്തി : ശിവന്റെ വേഷം ധരിച്ച് തെരുവുനാടകം കളിച്ചയാൾ അസമിൽ അറസ്റ്റിൽ. മതവികാരം വ്രണപ്പെടുത്തിയെന്നു ഹിന്ദു സംഘടനകളായ വിശ്വ ഹിന്ദു പരിഷത്തും ബജ്റങ്ദളും നൽകിയ പരാതിയിലാണ് ആക്ടിവിസ്റ്റായ ബിരിഞ്ചി ബോറയെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഞായറാഴ്ച ജാമ്യത്തിൽ വിട്ടയച്ചു.
രാജ്യത്തെ വിലക്കയറ്റത്തിനെതിരെയാണ് ശിവന്റെ വേഷം ധരിച്ച് ബിരിഞ്ചിയും പാർവതിയുടെ വേഷം ധരിച്ച് ഒപ്പമുള്ള മറ്റൊരു സ്ത്രീയും പ്രതിഷേധിച്ചത്. നൗഗോങ് കോളജ് ക്ലോക്ക് ടവർ പോയിന്റിന് സമീപമുള്ള റോഡിൽ ശനിയാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു തെരുവുനാടകം. ഇന്ധനവിലക്കയറ്റം സൂചിപ്പിക്കാനായി ഇവർ ബൈക്കിലും കയറിയിരുന്നു.
ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇതിനു പിന്നാലെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഹിന്ദു സംഘടനകൾ പരാതി നൽകുകയായിരുന്നു. ശനിയാഴ്ച വൈകിട്ടാണ് ബിരിഞ്ചി ബോറയെ കസ്റ്റഡിയിലെടുത്ത് നാഗോൺ സദർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. വ്യാപക പ്രതിഷേധമുയർന്നതോടെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നേരിട്ട് ഇടപെട്ടു.
തെരുവുനാടകം അവതരിപ്പിക്കുന്നത് ദൈവനിന്ദയല്ലെന്നും കസ്റ്റഡിയിലെടുത്തയാളെ വിട്ടയയ്ക്കാൻ ജില്ലാ പൊലീസിന് നിർദേശം നൽകിയതായും മുഖ്യമന്ത്രി ട്വിറ്ററിൽ അറിയിച്ചു. ബിരിഞ്ചി ബോറയെ ഞായറാഴ്ച രാവിലെ ജാമ്യത്തിൽ വിട്ടയച്ചതായി നാഗോൺ പൊലീസ് മേധാവി ലീന ഡോളി പറഞ്ഞു. പാർവതി ദേവിയായി വേഷമിട്ട സ്ത്രീയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും നാടകവുമായി ബന്ധപ്പെട്ട ദുലാൽ ബോറ എന്നയാളിനോട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡോളി വ്യക്തമാക്കി.