തിരുവനന്തപുരം: കോവളത്ത് വിദേശിയെ ആക്രമിച്ച ടാക്സി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം ടൗൺ ഷിപ്പ് കോളനിയിൽ ഷാജഹാനെ ആണ് കോളം പൊലീസ് അറസ്റ്റ് ചെയ്തത്. നെതർലാൻഡ് സ്വദേശിയായ കാൽവിൻ സ്കോൾട്ടൻ (27) നെയാണ് ടാക്സി ഡ്രൈവറായ ഷാജഹാൻ അടിച്ച് പരിക്കേൽപ്പിച്ചത്. അടിയേറ്റ് കാൽവിന്‍റെ ചുണ്ട് പൊട്ടിയിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് കോവളം ലൈറ്റ് ഹൗസ് ഭാഗത്ത് നിന്ന് സുഹൃത്തിൻറെ കാറിൽ ഹോട്ടലിലേക്ക് പോകാൻ ഇറങ്ങിയ ഓണേഴ്സ് വണ്ടിൽ വിദേശിയെ കയറ്റിയതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് അടിയിൽ കലാശിച്ചത്. പിതാവ് ജാക്സിനൊപ്പമാണ് കാൽവിൻ കോവളത്തെത്തിയത്. ഉച്ചഭക്ഷണം കഴിച്ച ശേഷം ഓണേഴ്സ്കാറിൽ യാത്ര പോകാൻ ശ്രമിക്കുന്നതിനിടയിൽ ഷാജഹാൻ വാഹനം തടഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
ഷാജഹാൻ വിദേശിയോടൊപ്പമുണ്ടായിരുന്ന ഡ്രൈവര്‍ ശ്യാമപ്രസാദുമായി വഴക്കിട്ടു. ഇത് പിന്നീട് അടിപിടിയിലേക്കെത്തി. അടിപിടി തടയാൻ എത്തിയ കാൽവിന്റെ ചുണ്ടിന് ഷാജഹാന്‍റെ അടിയേറ്റ് പരിക്കേറ്റു. ഷാജഹാന്‍റെ സുഹൃത്താണ് ശ്യാമപ്രസാദെന്നും അടിപിടിയിൽ ഇയാള്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. വിദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പിന്നീട് ഷാജഹാനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോവളം സി ഐ ബിജോയ്, എസ് ഐ അനീഷ് കുമാർ , സി.പി. ഒ.സെൽവൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.