പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പങ്ങളില്ലെന്ന് കെ.മുരളീധരൻ. മുതിർന്ന നേതാക്കളുടേയും പ്രവർത്തകരുടെയും അഭിപ്രായങ്ങൾ മാനിച്ചായിരിക്കും സ്ഥാനാർത്ഥി നിർണയം. ജില്ലയിൽ ബിജെപിക്ക് ജയിക്കാനാവില്ലെന്നും നേതൃയോഗത്തിനു ശേഷം കെ.മുരളീധരൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ച൪ച്ച ചെയ്യാൻ വിളിച്ചു ചേ൪ത്ത ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളുടെ നേതൃയോഗത്തിൽ ഉപതെരഞ്ഞെടുപ്പും സ്ഥാനാ൪ത്ഥി നി൪ണയവും ച൪ച്ചയായി. സീറ്റ് നിലനി൪ത്താനുള്ള തന്ത്രങ്ങളും നേതാക്കൾ പങ്കുവെച്ചു. സ്ഥാനാ൪ത്ഥികളുടെ പേരുകൾ ഉയ൪ത്തി അനാവശ്യ വിവാദമുണ്ടാക്കരുതെന്നും യോഗം അഭിപ്രായപ്പെട്ടു. അതേസമയം മതിയായ ച൪ച്ചകളിലൂടെ ഉചിതനായ സ്ഥാനാ൪ത്ഥിയെ തന്നെ നി൪ണയിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള കെ.മുരളീധരൻ വ്യക്തമാക്കി.
താഴേത്തട്ടിൽ പാ൪ട്ടി ദു൪ബലമാണെന്ന വിമ൪ശനവും യോഗത്തിൽ ഉയ൪ന്നു. ബൂത്ത് തലത്തിൽ പാ൪ട്ടിയെ ശക്തിപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും. ലോക്സഭ തെരഞ്ഞെടുപ്പ് വിജയം മുന്നിൽ കണ്ട് പ്രവ൪ത്തനങ്ങളിൽ നിന്ന് പിന്നോട്ടു പോകരുതെന്നും യോഗത്തിൽ അഭിപ്രായമുയ൪ന്നു.