ദില്ലി: നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം കാത്ത് രാജ്യം. കോൺഗ്രസ് നേതാക്കളുടെ സൂം മീറ്റിംഗ് വിളിച്ച് രാഹുൽ ഗാന്ധി. തെലങ്കാനയിലെ കോൺഗ്രസ് നേതാക്കളും ഡി കെ ശിവകുമാറും സൂം മീറ്റിംഗിൽ പങ്കെടുത്തു. രേവന്ത് റെഡ്ഢി, മല്ലു ഭട്ടി വിക്രമാർക്ക, ഉത്തം കുമാർ റെഡ്ഢി എന്നിവർ സൂം മീറ്റിംഗിൽ പങ്കെടുത്തിരുന്നു. എല്ലാ സ്ഥാനാർഥികളോടും രാവിലെ തന്നെ ഹൈദരാബാദിൽ എത്താനും ഫലം വരാൻ കാക്കണ്ട എന്നും രാഹുൽ ഗാന്ധി നിർദേശം നൽകി. തൂക്ക് സഭയെങ്കിൽ ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിൽ എംഎൽഎമാരെ ഒരുമിച്ച് നിർത്തും. അല്ലെങ്കിൽ ബംഗളുരുവിലേക്ക് മാറ്റും. ബംഗളുരു ദേവനഹള്ളിയിൽ റിസോർട്ടുകൾ സജ്ജമെന്നും വിവരം പുറത്തുവന്നിട്ടുണ്ട്.
രാവിലെ ഏട്ട് മണി മുതൽ ആണ് വോട്ടെണ്ണൽ. പത്തു മണിയോടെ ആദ്യ ഫലസൂചനകൾ അറിയാനാകും. മധ്യപ്രദേശിൽ 230 സീറ്റുകളും രാജസ്ഥാനിൽ 199 സീറ്റുകളിലും ഛത്തീസ്ഗഡിൽ 90 സീറ്റുകളിലും തെലങ്കാന 199 സീറ്റുകളിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. തെലങ്കാനയിലും ഛത്തീസ്ഗഡിലും കോൺഗ്രസിനാണ് എക്സിറ്റ് പോളുകളിൽ മൂൻതൂക്കം നൽകുന്നത്. രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിക്കാണ് എക്സിറ്റ് പോളുകളിൽ മൂൻതൂക്കം. അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ഫലം ലോക്സഭാ തെരഞ്ഞെടുപ്പിൽ നിർണ്ണായകമാണ്. നാളെയാണ് മിസോറമിൽ വോട്ടെണ്ണൽ.