മഹാരാഷ്ട്ര രാഷ്ട്രീയം തിളച്ചുമറിയുകയാണ്. മറാത്ത രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിർണയിച്ചിരുന്ന ശിവസേന രണ്ടായി പിളർന്നതിന് പിന്നാലെ, പാർട്ടിയുടെ അഭിമാനമായിരുന്ന ചിഹ്നം അമ്പും വില്ലും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പക്ഷത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ചതുമാണ് പുതിയ സംഭവ വികാസങ്ങൾ. പാർട്ടി സ്ഥാപകൻ ബാൽ താക്കറെയുടെ മകനും മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ വിഭാഗത്തിന് കനത്ത തിരിച്ചടിയാണ് ചിഹ്നം നഷ്ടമായതിലൂടെ നേരിട്ടത്. പാർട്ടി ചിഹ്നം കൂടി ഷിൻഡെ വിഭാഗത്തിന് ലഭിച്ചതോടെ ശിവസേനയുടെ കോടിക്കണക്കിന് രൂപ മൂല്യം വരുന്ന ആസ്തികൾ ആരുടെ കൈയിലേക്ക് പോകുമെന്നാണ് പുതിയ ചർച്ച.
പാർട്ടി ആസ്ഥാനമായ ‘ശിവസേനാ ഭവനിലും’ പാർട്ടി മുഖപത്രമായ ‘സാമ്‌ന’യിലും ഷിൻഡെ ഗ്രൂപ് അവകാശവാദം ഉന്നയിക്കുമോ എന്നതാണ് മഹാരാഷ്ട്ര രാഷ്ട്രീയം ഉറ്റുനോക്കുന്നത്. നിലവിൽ ഉദ്ധവ് താക്കറെ ക്യാമ്പിന്റെ നിയന്ത്രണത്തിലാണ് ആസ്ഥാനവും പാർട്ടി പത്രവും. മുംബൈയുടെ കണ്ണായ സെൻട്രൽ മുംബൈയിലെ ദാദറിലാണ് ശിവസേന ഭവൻ സ്ഥിതി ചെയ്യുന്നത്. സാമ്‌നയുടെ ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്നത് പ്രഭാദേവി പ്രദേശത്താണ്. ഈ രണ്ട് സ്ഥാപനങ്ങളും നിലവിൽ വ്യത്യസ്ത ട്രസ്റ്റുകളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പാർട്ടിയുടെ പേരും ചിഹ്നവും ലഭിച്ചെങ്കിലും ശിവസേന ഭവനിൽ അവകാശവാദം ഉന്നയിക്കില്ലെന്ന് മുഖ്യമന്ത്രി ഷിൻഡെ പറഞ്ഞത് ഉദ്ധവ് വിഭാഗത്തിന് ആശ്വാസമാണെങ്കിലും രാഷ്ട്രീയത്തിൽ ഏത് നിമിഷവും എന്തും മാറിമറിയാമെന്നിരിക്കെ ഷിൻഡെ ഏത് നിമിഷവും അവകാശവാദം ഉന്നയിക്കാമെന്നാണ് ഉദ്ധവ് ക്യാമ്പ് കണക്കുകൂട്ടുന്നത്. അടുത്തിടെ, ഉദ്ധവ് വിഭാഗം നേതാവും താനെ എംപിയുമായ രാജൻ വിചാരെ, ശിവസേനയുടെ ശാഖകൾ തട്ടിയെടുക്കാനുള്ള ഷിൻഡെ ഗ്രൂപ്പിന്റെ ശ്രമങ്ങളെ തടയണമെന്ന് ആവശ്യപ്പെട്ട് താനെ പോലീസ് കമ്മീഷണർ ജയ് ജീത് സിംഗിന് കത്ത് നൽകിയിരുന്നു.
ശിവായ് സേവാ ട്രസ്റ്റ് ആണ് ശിവസേന ഭവൻ നിയന്ത്രിക്കുന്നത്. സ്ഥാപക ട്രസ്റ്റിമാരിൽ അന്തരിച്ച ബാൽ താക്കറെയും ഭാര്യ പരേതയായ മീന താക്കറെയും ഉൾപ്പെടുന്നു. സ്ഥാപക ട്രസ്റ്റിമാരിൽ പലരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. മുതിർന്ന നേതാക്കളായ സുഭാഷ് ദേശായി, ദിവാകർ റൗട്ടെ, ലീലാധർ ഡാകെ, മുൻ മുംബൈ മേയർ വിശാഖ റാവത്ത്, ഉദ്ധവ് താക്കറെ എന്നിവരും ഇപ്പോഴത്തെ ട്രസ്റ്റിമാരാണ്. ശിവസേനയുടെ മുഖപത്രമായ ‘സാമ്‌ന’ നിയന്ത്രിക്കുന്നത് താക്കറെയുടെ വിശ്വസ്തനായ സുഭാഷ് ദേശായിയുടെ പ്രബോധൻ പ്രകാശനാണ്. 2019 നവംബറിൽ മുഖ്യമന്ത്രിയുടെ ചുമതലയേറ്റ ശേഷം ഉദ്ധവ് താക്കറെ ‘സാമ്‌ന’യുടെ എഡിറ്റർ സ്ഥാനം ഒഴിഞ്ഞ് ഭാര്യ രശ്മി താക്കറെയ്ക്ക് കൈമാറി. എന്നാൽ, പാർട്ടി പിളർന്ന ശേഷം 2022 ഓഗസ്റ്റിൽ ഉദ്ധവ് വീണ്ടും എഡിറ്ററായി ചുമതലയേറ്റു. സ്വകാര്യ ട്രസ്റ്റുകൾ നടത്തുന്നതിനാലാണ് ശിവസേന ഭവനിലും സാമ്‌നയിലും അവകാശവാദം ഉന്നയിക്കേണ്ടതില്ലെന്ന് ഷിൻഡെ തീരുമാനിച്ചത്. ഷിൻഡെ അവകാശവാദം ഉന്നയിച്ചാൽ നിയമപരമായ സങ്കീർണതകളിലേക്ക് നീങ്ങുമെന്നും വിദഗ്ധർ പറയുന്നു.
ശിവസേന ശാഖകളുടെ കാര്യത്തിലായിരിക്കും അടുത്ത തർക്കം. മുംബൈയിൽ 350 ശിവസേന ശാഖകളുണ്ടെന്നാണ് കണക്ക്. ഇവയിൽ ഭൂരിക്ഷം തെളിയിക്കുക രണ്ട് വിഭാഗത്തിനും അഭിമാന പ്രശ്നമാണ്. രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ശിവസേനയ്ക്ക് വളരെ കുറച്ച് സ്വത്തുക്കൾ മാത്രമേ ഉള്ളൂ. ശിവസേന ഭവനും സാമ്‌നയും ട്രസ്റ്റുകളുടെ ഉടമസ്ഥതയിലായതാണ് ഇതിന് കാരണം. ശാഖാ ഓഫിസുകൾ സ്ഥാപിക്കാൻ സ്വകാര്യ വ്യക്തികളാണ് ഭൂമി നൽകിയിരിക്കുന്നത്.
കഴിഞ്ഞയാഴ്ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഷിൻഡെ വിഭാഗത്തെ യഥാർഥ ശിവസേനയായി അംഗീകരിക്കുകയും പാർട്ടിയുടെ ‘വില്ലും അമ്പും’ ചിഹ്നം അനുവദിക്കുകയും ചെയ്തത്. ഇസിയുടെ തീരുമാനത്തിന് പിന്നാലെ നരേന്ദ്രമോദിയെയും കേന്ദ്രസർക്കാറിനെയും വിമർശിച്ച് ഉദ്ധവ് താക്കറെ രംഗത്തെത്തിയിരുന്നു. ഇരുവിഭാഗവും തമ്മിലുള്ള തർക്കം സുപ്രീം കോടതിയിൽ നിലനിൽക്കെയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. പാർട്ടി ചിഹ്നം ഷിൻഡെ വിഭാഗത്തിന് അനുവദിച്ചത് ഉദ്ധവ് പക്ഷത്തിന്റെ ചിറകരിഞ്ഞ നീക്കമായാണ് വിലയിരുത്തുന്നത്. 1966 ബാൽതാക്കറെ പാർട്ടി സ്ഥാപിച്ചതുമുതൽ പാർട്ടിയുടെ ഐഡന്റിറ്റിയായിരുന്നു അമ്പും വില്ലും. 1984ലാണ് ബിജെപിയുമായി സഖ്യത്തിലേർപ്പെട്ടത്. ഒടുവിൽ 2019 വരെ ഈ സഖ്യം തുടർന്നു. ഒടുവിൽ കഴിഞ്ഞ വർഷം ഷിൻഡെയുടെ നേതൃത്വത്തിൽ ഒരുവിഭാഗം പാർട്ടി പിളർത്തി ബിജെപിയുമായി ചേർന്ന് സർക്കാറുണ്ടാക്കി.