ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ സാമൂഹ്യ സേവന വിഭാഗമായ ആസ്റ്റർ വോളന്റിയേഴ്‌സ് ഒറ്റപ്പെട്ട ഇടങ്ങളിൽ കഴിയുന്നവർക്ക് ചികിത്സയെത്തിക്കുന്നതിനുള്ള പ്രത്യേക സംവിധാനങ്ങൾ ആരംഭിച്ചു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിദൂരഗ്രാമങ്ങളിൽ കഴിയുന്നവരിലേക്ക് ഉന്നതനിലവാരമുള്ള ചികിത്സയെത്തിക്കുകയാണ് പദ്ധതിയുടെ ലക്‌ഷ്യം. തൃശൂർ ജില്ലയിലെ ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്കായുള്ള മൊബൈൽ ക്ലിനിക് ഉൾപ്പെടെ കേരളത്തിലെ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ ആറാമത്തെ സംരംഭമാണിത്. തമിഴ്‌നാട്ടിൽ ചെന്നൈയും രാമനാഥപുരം ജില്ലയും കേന്ദ്രീകരിച്ച് രണ്ട് ബസുകളാണ് പ്രവർത്തനം തുടങ്ങുന്നത്.
കേരളത്തിൽ ഫ്ലോറ ഗ്രൂപ്പ് ഓഫ് ഹോട്ടൽസും ശാന്തിഭവൻ പാലിയേറ്റിവ് ഹോസ്പിറ്റലുമായി ചേർന്നാണ് അത്യാധുനിക വാഹനം ഒരുക്കിയിരിക്കുന്നത്. തമിഴ്‌നാട്ടിൽ അശോക് ലെയ്‌ലാൻഡ്, ആൽബൺ എയർ, തണൽ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി യാഥാർഥ്യമാകുന്നത്. ഈ ബസുകളിൽ പ്രാഥമിക ഘട്ടത്തിൽ ആവശ്യമുള്ള ചികിത്സ സംവിധാനങ്ങളും പരിശോധനകളും ഉൾപ്പെടെ എല്ലാ സേവനങ്ങളും ഉറപ്പുവരുത്തും. ദൂരെയുള്ള ആശുപത്രിയിലുള്ള വിദഗ്ധ ഡോക്ടറുമായി സംസാരിക്കുവാനും സൗകര്യമൊരുക്കും. നൂതനമായ ടെലി ഹെൽത്ത് സംവിധാനത്തിലൂടെയാണ് ഇത് സാധിക്കുന്നത്.
കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റിയിലാണ് തൃശ്ശൂരിലേക്കുള്ള മൊബൈൽ ക്ലിനിക്കിൻറെ ഫ്ലാഗ് ഓഫ് നടന്നത്. ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസിൻ, ഫ്ലോറ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ വി.എ. ഹസൻ, ശാന്തിഭവൻ പാലിയേറ്റീവ് ആശുപത്രിയുടെ സിഇഒ ഫാദർ ജോയ് കൂത്തൂർ എന്നിവർ ചേർന്നാണ് മൊബൈൽ ക്ലിനിക് ഫ്ലാഗ് ഓഫ് ചെയ്തത്. ചെന്നൈയിലെയും രാമനാഥപുരത്തെയും സർവീസുകൾക്കും ഔദ്യോഗികമായി തുടക്കമിട്ടു.
ആശുപത്രികളിൽ നിന്ന് ഏറെ അകലെ താമസിക്കുന്നവർക്ക് സഞ്ചരിക്കുന്ന ഈ ക്ലിനിക്കുകൾ വലിയ ആശ്വാസമാകുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപകചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. അടിസ്ഥാനജീവിതസൗകര്യങ്ങൾ പോലും ലഭ്യമല്ലാത്ത ഇടങ്ങളിൽ ജീവിക്കുന്ന പാവപ്പെട്ടവരിലേക്ക് ഉന്നത നിലവാരമുള്ള ചികിത്സയെത്തിക്കാൻ ഈ പ്രോജക്ടിന് കഴിയും. പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കിടയിലും മെച്ചപ്പെട്ട ചികിത്സയെത്തിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഒറ്റപ്പെട്ട പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും ആദിവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും ആവശ്യമായ ചികിത്സ നൽകുന്നതിനായി മെഡിക്കൽ ക്യാംപുകൾ നടത്താനും ഉദ്ദേശമുണ്ട്. രോഗനിർണ്ണയം കഴിഞ്ഞാൽ സൗജന്യമായോ ഏറ്റവും കുറഞ്ഞ നിരക്കിലോ അവശ്യ ചികിത്സ ഉറപ്പാക്കും. ഡോക്ടർമാർ, നേഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ഫാർമസിസ്റ്റ് എന്നിവരടങ്ങുന്ന സംഘം ഓരോ യൂണിറ്റിലും ഉണ്ടാകും.
നിർധനരായ കുടുംബങ്ങളിലേക്ക് ഗുണകരമായ ചികിത്സാ സംവിധാനങ്ങൾ എത്തിക്കാൻ കഴിയുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഇന്ത്യ സിഇഒ ഡോ. നിതീഷ് ഷെട്ടി പറഞ്ഞു. ദൂരദേശങ്ങളിൽ താമസിക്കുന്നവർക്ക് ഗുണമേന്മയുള്ള ചികിത്സ നേടുന്നതിനുള്ള തടസങ്ങൾ നീക്കാൻ ഇതിലൂടെ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ താമസസ്ഥലവും പശ്ചാത്തലവും ഏതായാലും എല്ലാവർക്കും ചികിത്സ ലഭ്യമായിരിക്കണമെന്ന ചെയർമാൻ ഡോ. ആസാദ് മൂപ്പന്റെ ചിന്തയാണ് ഈ പദ്ധതിക്ക് പിന്നിൽ.
സമൂഹത്തിലെ ഏറ്റവും താഴേത്തട്ടിൽ ഉള്ളവർക്കും മെച്ചപ്പെട്ട ചികിത്സ നല്കാൻ ശ്രമിക്കുന്ന പദ്ധതിയാണ് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ മൊബൈൽ മെഡിക്കൽ സർവീസസ്. നിലവിൽ ഇത്തരത്തിൽ 33 ഓളം മെഡിക്കൽ വാനുകൾ വിവിധയിടങ്ങളിൽ നിയോഗിച്ചു കഴിഞ്ഞു. ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലുമായി പത്ത് ലക്ഷത്തിലേറെ രോഗികൾക്ക് ചികിത്സയും നൽകിക്കഴിഞ്ഞു. കോവിഡ് 19 നെതിരായ പോരാട്ടത്തിലും ആസ്റ്റർ വോളന്റിയർമാർ മുൻനിരയിൽ തന്നെയുണ്ടായിരുന്നു.












