മുംബൈ: മഹാരാഷ്ട്രയിലെ പ്രതിസന്ധി പരിഹരിക്കാൻ വിമത നേതാക്കളുമായി ചർച്ച നടത്തണമെന്ന് എൻസിപി നേതാവ് ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ എംപി പറഞ്ഞു.
‘‘എനിക്ക് എണ്ണത്തെപ്പറ്റിയും സംഖ്യകളെ കുറിച്ചും സംസാരിക്കാനാവില്ല. കാരണം ഞാൻ ജ്യോതിഷം പഠിച്ചിട്ടില്ല, ജ്യോത്സ്യയല്ല. ഇതൊരു ജനാധിപത്യ രാജ്യമാണ്. ഇവിടെ ചർച്ചകൾ അനിവാര്യമാണ്. വിമതരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു കാര്യങ്ങൾ പരിഹരിക്കാൻ വേണ്ട നടപടികൾ എടുക്കണം’’- സുപ്രിയ പറഞ്ഞു.
ഏക്നാഥ് ഷിൻഡെ ക്യാമ്പിലെ 17 അംഗങ്ങളുമായി ചർച്ച നടത്തിയെന്ന് ശിവസേന വ്യക്തമാക്കി. അതേസമയം മുംബൈയിൽ ഉടനെ തിരിച്ചെത്തുമെന്നും ഗവർണറുമായി ചർച്ചകൾ നടത്തുമെന്നും ഷിൻഡെ പറഞ്ഞു. മുംബൈയിൽ തിരികെയെത്തിയാലുടൻ തന്നെ ബന്ധപ്പെടണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിമത ശിവസേന അംഗങ്ങളോട് അഭ്യർഥിച്ചു.