ലോകത്തിലെ ഏറ്റവും പ്രായം കൂടിയ എലി ഏതാണ് എന്ന് അറിയുമോ? പാറ്റ് എന്ന് പേരുള്ള ഒരു പസഫിക് പോക്കറ്റ് മൗസ് ആണത്. മനുഷ്യരുടെ പരിചരണത്തിൽ വളരുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ എലി എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് പാറ്റ് നേടിയിരിക്കുകയാണ്. ഒമ്പത് വയസാണ് പാറ്റിന്റെ പ്രായം.
സ്റ്റാർ ട്രെക്ക് നടൻ പാട്രിക് സ്റ്റുവർട്ടിന്റെ പേരുമായി ബന്ധപ്പെട്ടാണ് ഈ എലിക്ക് പാറ്റ് എന്ന് പേര് നൽകിയത്. ബുധനാഴ്ച 9 വയസ്സും 209 ദിവസവും പ്രായമായി പാറ്റിന്. അപ്പോഴാണ് ഗിന്നസ് അംഗീകാരം ലഭിച്ചത് എന്ന് സാൻ ഡീഗോ സൂ വൈൽഡ് ലൈഫ് അലയൻസ് പറയുന്നു.
ഒരു കൺസർവേഷൻ ബ്രീഡിംഗ് പ്രോഗ്രാമിന്റെ ഭാഗമായി 2013 ജൂലൈ 14 -ന് സാൻ ഡീഗോ മൃഗശാല സഫാരി പാർക്കിലാണ് പാറ്റ് ജനിച്ചത്. മൃഗശാല അധികൃതർ തന്നെയാണ് ഗിന്നസ് വേൾഡ് റെക്കോർഡിനെ സമീപിച്ചത്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ എലി എന്ന ലോകനേട്ടം പാറ്റ് കൈവരിച്ചതിന്റെ ഭാഗമായി മൃഗശാലയിൽ എട്ടാം തീയതി വലിയ ആഘോഷവും നടന്നു.
ഈ ഇനത്തിൽ പെട്ട എലികൾ കാലിഫോർണിയയിലാണ് കാണപ്പെടുന്നത്. ഇത് മണൽ നിറഞ്ഞ മണ്ണിലാണ് സാധാരണ കഴിയുന്നത്. പസഫിക് പോക്കറ്റ് മൗസ് പ്രാണികളെയും മറ്റും ഭക്ഷണമാക്കുന്നു. ഇവയ്ക്ക് വംശനാശം സംഭവിച്ചു എന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാൽ, 1993 -ൽ ഓറഞ്ച് കൗണ്ടിയിലെ ഡാന പോയിന്റിൽ ചെറിയ കൂട്ടത്തെ കണ്ടെത്തി. ഇപ്പോൾ ഇവ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലാണ് ഉൾപ്പെടുന്നത്. മനുഷ്യരുടെ കടന്നുകയറ്റം, വാസസ്ഥലങ്ങളുടെ തകർച്ച തുടങ്ങിയവയെല്ലാമാണ് ഇവയുടെ നിലനിൽപ്പിന് ഭീഷണിയായി മാറുന്നത് എന്നാണ് കരുതുന്നത്.