കാട്ടിൽ വഴി തെറ്റിയാൽ പുറത്ത് കടക്കുക പ്രയാസമാണ്. അതും ഒരു കൊടുംകാട്ടിലാണ് എങ്കിലോ? നിങ്ങൾക്ക് വെറും ആറ് വയസാണ് അപ്പോൾ പ്രായമെങ്കിലോ? അതുപോലെ തനിക്ക് ആറാമത്തെ വയസിലുണ്ടായ അനുഭവം വിവരിക്കുകയാണ് ഇപ്പോൾ ഇരുപത്തിയേഴുകാരിയായ ഹലേ സേഗ. അർക്കൻസാസിലെ ഒസാർക്ക് പർവതനിരകളിൽ ആറു വയസായിരിക്കെ രണ്ട് ദിവസമാണ് സേഗ ഒറ്റപ്പെട്ടു പോയത്. അന്ന് സാങ്കല്പികമായി ഉണ്ടാക്കിയ ഒരു സുഹൃത്തിനോട് സംസാരിച്ചാണ് താൻ അതിജീവിച്ചത് എന്നാണ് സേഗ പറയുന്നത്. ടിക്ടോക്കിൽ തന്റെ ഫോളോവേഴ്സിനായി സേഗ ഈ അനുഭവ കഥ പങ്ക് വച്ചു.
2001 ഏപ്രിൽ 29… സേഗ തന്റെ മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം യാത്ര പോയതാണ്. മല കയറുകയായിരുന്നു മൂവരും. അതിനിടയിൽ സേഗയ്ക്ക് വഴി തെറ്റി. അവൾ ഒറ്റപ്പെട്ട് പോയി. പിന്നാലെ 52 മണിക്കൂർ നേരം വെള്ളമോ ഭക്ഷണമോ ഇല്ലാതെ, കാട്ടിൽ നിന്നും പുറത്തേക്കുള്ള വഴി കണ്ടെത്താനാകാതെ സേഗ തനിച്ച് കഴിഞ്ഞു. ആ സമയത്ത് അവൾക്കൊരു സാങ്കല്പിക സുഹൃത്തുണ്ടായി അലീഷ്യ. അലീഷ്യ നൽകിയ നിർദ്ദേശമനുസരിച്ചാണ് താൻ നീങ്ങിയത് എന്ന് സേഗ പറയുന്നു.
അതേ സമയം തന്നെ സേഗയ്ക്കായി ആയിരത്തിലധികം ആളുകൾ ഉൾപ്പെടുന്ന വലിയ തെരച്ചിൽ തന്നെ കാട്ടിൽ നടക്കുന്നുണ്ടായിരുന്നു. കാട്ടിൽ ഒറ്റക്കായിപ്പോയ സമയം തൊട്ട് താൻ അമ്മയുടേയും അച്ഛന്റേയും പേരും ഫോൺ നമ്പറും പറഞ്ഞ് കരയുകയും ഹെലികോപ്ടറിന്റെ ശബ്ദം കേൾക്കുമ്പോൾ മണൽ വാരി എറിയുകയും ചെയ്യുന്നുണ്ടായിരുന്നു എന്നും സേഗ പറയുന്നു.
രാത്രിയിൽ ഉറങ്ങാനായി അവൾ സമീപത്തെ നദിയിലുണ്ടായിരുന്ന ഒരു വലിയ പാറക്കഷ്ണത്തെ സമീപിച്ചു. തുറന്ന സ്ഥലത്ത് ഉറങ്ങുന്നത് തന്നെ എളുപ്പത്തിൽ കണ്ടുപിടിക്കാൻ സഹായകമാകും എന്നാണ് അവൾ പ്രതീക്ഷിച്ചത്. പിറ്റേ ദിവസം അവൾ നദിക്കരയിലേക്ക് തന്നെ മടങ്ങി. അന്ന് രാത്രി സമീപത്തെ ഒരു ചെറിയ ഗുഹയിലാണ് അവൾ കഴിഞ്ഞത്. രാത്രിയിൽ അവൾ ഭീതിപ്പെടുത്തുന്ന സ്വപ്നങ്ങൾ കണ്ടു. ചുറ്റുമുള്ള കാഴ്ചകളെല്ലാം അവളെ പേടിപ്പിച്ചു. പിറ്റേന്ന് തെരച്ചിൽ സംഘത്തിൽ നിന്നുമുള്ള രണ്ടുപേരാണ് സേഗയെ കണ്ടെത്തിയത്. അവർ അവൾക്ക് കുടിക്കാൻ വെള്ളവും കഴിക്കാൻ ഭക്ഷണവും കൊടുത്ത ശേഷം അവളെ പുറത്തെത്തിച്ചു.
തന്നിൽ ആ അനുഭവം ഒരിക്കലും ട്രോമ ഉണ്ടാക്കിയില്ല, മറിച്ച് തന്നെ ഒരു ധൈര്യശാലിയാക്കി മാറ്റുകയാണുണ്ടായത് എന്ന് ടിക്ടോക്കിൽ തന്റെ അനുഭവകഥ വിവരിച്ചുകൊണ്ട് അവൾ പറഞ്ഞു.