തിരുവനന്തപുരം: മുൻ സുഹൃത്തിന്റെ സൈബർ അധിക്ഷേപത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കടത്തുരുത്തി കോതനല്ലൂർ സ്വദേശിനി ആതിരയ്ക്ക് യാത്രാമൊഴിയേകി നാട്. കേസിൽ പൊലീസ് നടപടി ഉണ്ടാകുമെന്ന് ഉറപ്പായിട്ടും അരുൺ വിദ്യാധരൻ എന്ന മുൻ സുഹൃത്ത് ഭീഷണി തുടർന്നെന്ന് ആതിരയുടെ സഹോദരി ഭർത്താവും ഐ എ എസ് ഉദ്യോഗസ്ഥനുമായ ആശിഷ് പറഞ്ഞു. ആതിരയുടെ മരണശേഷം മുങ്ങിയ പ്രതിക്കായി തമിഴ്നാട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. വിവാഹപന്തൽ ഉയരേണ്ടിയിരുന്ന വീട്ടുമുറ്റത്ത് മരണാനന്തര ചടങ്ങുകൾക്കുള്ള പന്തൽ. അവിടെ ചേതനയറ്റ ആതിരയുടെ ശരീരം. നിലവിളിച്ച് കരയുന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും കുഴങ്ങി.
ഞായറാഴ്ച ഉച്ചയോടെയാണ് അരുൺ വിദ്യാധരൻ എന്ന മുൻ സുഹൃത്ത് ആതിരയ്ക്കെതിരെ ഫെയ്സ്ബുക്കിൽ അപകീർത്തി കുറിപ്പുകളിട്ടതും ആതിരയുടെ ചിത്രങ്ങൾ മോശം അടിക്കുറിപ്പുകളോടെ പ്രചരിപ്പിച്ചതും. മറ്റൊരാളുമായി ആതിരയുടെ വിവാഹം ഉറപ്പിച്ചെന്നറിഞ്ഞായിരുന്നു അരുണിന്റെ സൈബർ അധിക്ഷേപം. ഫോണിൽ വിളിച്ചും ഭീഷണി തുടർന്നു. സഹോദരി ഭർത്താവും മണിപ്പൂർ കേഡർ ഐ എ എസ് ഉദ്യോഗസ്ഥനുമായ ആശിഷ് ദാസിന്റെ നിർദ്ദേശപ്രകാരം അന്ന് തന്നെ ആതിര പൊലീസിൽ പരാതി നൽകി. പൊലീസിൽ പരാതി നൽകിയതിനു ശേഷം അക്കാര്യം കൂടി പറഞ്ഞ് അരുൺ ആതിരയെ ഭീഷണിപ്പെടുത്തി.
പൊതുവെ മാനസികമായി കരുത്തയായിരുന്ന ആതിര ഇതോടെ സമ്മർദ്ദത്തിലായി. ഒരു മുഴം കയറിൽ ജീവനൊടുക്കുകയായിരുന്നു. രണ്ടു വർഷം മുമ്പ് അരുണും കുടുംബവും വിവാഹ ആലോചനയുമായി ആതിരയുടെ വീട്ടിൽ എത്തിയിരുന്നെങ്കിലും അരുണിന്റെ സ്വഭാവ വൈകല്യവും ലഹരി ഉപയോഗവും വ്യക്തമായതോടെ ആതിരയും കുടുംബവും പിൻമാറുകയായിരുന്നു. ഇതിന്റെ പേരിലുണ്ടായ പകയാണ് ആതിരയുടെ വിവാഹം ഉറപ്പിച്ചതിന് പിന്നാലെ അരുൺ ഫെയ്സ്ബുക്ക് അധിക്ഷേപത്തിലൂടെ തീർത്തത്. നാട്ടുകാരും ബന്ധുക്കളുമടക്കം വലിയ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ആതിരയുടെ സംസ്കാര ചടങ്ങുകൾ. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയ അരുൺ തമിഴ്നാട്ടിൽ ഉണ്ടെന്ന സൂചന അടിസ്ഥാനമാക്കിയാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.