ദില്ലി : മാസാവസാനത്തേക്ക് സാമ്പത്തിക ഇടപാടുകൾ പ്ലാൻ ചെയ്യുന്നവർ നിരവധിയാണ്. ഈ മാസം ബാങ്ക് ഇടപാടുകൾ പ്ലാൻ ചെയ്തവരുണ്ടെങ്കിൽ ശ്രദ്ധിക്കുക. നാളെ കഴിഞ്ഞാൽ വരുന്ന നാല് ദിവസം ബാങ്ക് അവധിയാണ്. ഓരോ സംസ്ഥാനത്തിനും അവധികൾ വ്യത്യസ്തമായിരിക്കും. സെപ്റ്റംബർ മാസത്തിൽ ഞായറാഴ്ചകളും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചയും ഉൾപ്പെടെ 16 ബാങ്ക് അവധികളുണ്ടായിരുന്നു. ബാങ്ക് ശാഖകൾ പ്രവർത്തിക്കില്ലെങ്കിലും ഓൺലൈൻ ബാങ്കിംഗ് സേവനങ്ങൾ പ്രവർത്തിക്കുന്നത് തുടരും. ബാങ്കിംഗ് ഇടപാടുകൾ നടത്താനും ബാലൻസ് പരിശോധിക്കാനും അവശ്യ ബാങ്കിംഗ് ജോലികൾ നിർവഹിക്കാനും ഇത് ഉപഭോക്താക്കളെ സഹായിക്കും. ബാങ്കുകളിലെത്തി 2000 രൂപ മാറ്റുന്നതിനോ നിക്ഷേപിക്കുന്നതിനോ റിസർവ് ബാങ്ക് നിശ്ചയിച്ച സമയപരിധി സെപ്റ്റംബർ 30 ആണ്. ബാങ്കുകൾ അവധി ആണെങ്കിൽ ഉപഭോക്താക്കൾക്ക് ഈ അവസരം നഷ്ടപ്പെടും അതിനാൽ അവധി ദിനങ്ങൾ അറിഞ്ഞ് കാര്യങ്ങൾ പ്ലാൻ ചെയ്യുക.
2023 സെപ്റ്റംബറിലെ ബാങ്ക് അവധി
സെപ്റ്റംബർ 25 : ശ്രീമന്ത ശങ്കരദേവന്റെ ജന്മോത്സവം (അസാമിൽ ബാങ്കുകൾ അടഞ്ഞുകിടക്കും)
സെപ്റ്റംബർ 27 : മുഹമ്മദ് നബിയുടെ ജന്മദിനം (ജമ്മുവിലും കേരളത്തിലും ബാങ്കുകൾ അടഞ്ഞുകിടക്കും)
സെപ്റ്റംബർ 28 : നബി ദിനം- അഹമ്മദാബാദ്, ഐസ്വാൾ, ബേലാപൂർ, ബെംഗളൂരു, ഭോപ്പാൽ, ചെന്നൈ, ഡെറാഡൂൺ, തെലങ്കാന, ഇംഫാൽ, കാൺപൂർ, ലഖ്‌നൗ, മുംബൈ, നാഗ്പൂർ, ദില്ലി, റായ്പൂർ, റാഞ്ചി എന്നിവിടങ്ങളിൽ ബാങ്ക് അവധി
സെപ്റ്റംബർ 29 : ഇന്ദ്രജത്ര- സിക്കിമിലും ജമ്മുവിലും ശ്രീനഗറിലും ബാങ്കുകൾ അടഞ്ഞുകിടക്കും. നബി ദിനം- ഗാംഗ്‌ടോക്ക്, ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.