കൊച്ചി : നടുറോഡിൽ അഭിഭാഷകനെ മർദിച്ചയാളെ പൊലീസിൽ ഏൽപിക്കാൻ തൽസമയം ഇടപെട്ട് ജഡ്ജി. എറണാകുളം ഫോർഷോർ റോഡിൽ രാവിലെ പത്തു മണിയോടെയാണ് കോടതിയിലേയ്ക്കു പോകുമ്പോൾ അഭിഭാഷകൻ ലിയോ ലൂക്കോസിനു മർദനമേറ്റത്. ഇതുകണ്ടു പിന്നാലെ വന്ന ജസ്റ്റിസ് എൻ.നഗരേഷ് അവിടെ വച്ചു തന്നെ സംഭവത്തിൽ ഇടപെടുകയായിരുന്നു.
അഭിഭാഷകനെ മർദിച്ച തൊടുപുഴ സ്വദേശി ജിജോ സെബാസ്റ്റ്യനെ കൂടെയുള്ള പൊലീസുകാരനെ ഉപയോഗിച്ചു പിടിച്ചു മാറ്റിക്കുകയും പൊലീസിൽ ഏൽപിക്കുകയും ചെയ്തു. ജിജോ സഞ്ചരിച്ചിരുന്ന കാറിൽ ലിയോ ലൂക്കോസിന്റെ കാർ തട്ടിയിട്ടും നിർത്താതെ പോയി എന്നാരോപിച്ചായിരുന്നു മർദനം. കാറിനു മുന്നിൽ വണ്ടി നിർത്തി ഇറങ്ങി വന്ന ജിജോ താക്കോൽ കയ്യിൽ കൂട്ടിപ്പിടിച്ച് ലിയോയുടെ ചെവി കൂട്ടി അടിക്കുകയായിരുന്നു. കാറിലിട്ടുതന്നെ തൊഴിക്കുകയും ചെയ്തെന്നു പരാതിയിൽ പറയുന്നു.
മർദനത്തിൽ പരുക്കേറ്റ അഭിഭാഷകന് കേൾവിത്തകരാർ ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹത്തെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്ത് എഫ്ഐആർ റജിസ്റ്റർ ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു.