മാലി: മാലദ്വീപിലെ പ്രോസിക്യൂട്ടർ ജനറൽ ഹുസൈൻ ഷമീമിന് പട്ടാപ്പകൽ കുത്തേറ്റു. പാര്‍ലമെന്‍റംഗങ്ങള്‍ നടുറോഡില്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ഈ സംഭവം. മാലദ്വീപിലെ സമീപകാലത്തെ ക്രമസമാധാന തകര്‍ച്ചയുടെ തുടര്‍ച്ചയായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. മുൻ പ്രസിഡന്‍റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്‍റെ കാലത്ത് മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) സർക്കാർ നിയമിച്ച പ്രോസിക്യൂട്ടർ ജനറലാണ് ഹുസൈൻ ഷമീം. നിലവിലെ പ്രസിഡന്‍റ് ഡോ മുഹമ്മദ് മുയിസുവിന്‍റെ കാലത്ത് മാലദ്വീപില്‍ അടിക്കടി ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. പ്രോസിക്യൂട്ടർ ജനറൽ ഷമീമിന് നേരെയുള്ള ആക്രമണം നിയമ, സർക്കാർ മേഖലകളിലെ സുപ്രധാന സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ നേരിടുന്ന സുരക്ഷാ ഭീഷണിയെ കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു.
ഹുസൈൻ ഷമീമിനെ ആരാണ് ആക്രമിച്ചതെന്ന് വ്യക്തമല്ല. അദ്ദേഹത്തിന്‍റെ ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടില്ല. രാജ്യത്തെ നടുക്കിയ ആക്രമണമാണുണ്ടായത്. മാലദ്വീപിലെ നിലവിലെ ഭരണത്തിന്‍ കീഴില്‍ ഇന്ത്യാ വിരുദ്ധ വികാരം കാരണം പാകിസ്ഥാനിൽ നിന്ന് പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടതിനെക്കുറിച്ച് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദില്ലിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോൺഫ്ലിക്റ്റ് മാനേജ്‌മെന്‍റിലെ ഗവേഷക സഞ്ചിത ഭട്ടാചാര്യ, ജമാഅത്ത്-ഉദവ, ലഷ്‌കർ-ഇ-തൊയ്ബ തുടങ്ങിയ ഗ്രൂപ്പുകളുടെ മാലദ്വീപിലെ സ്വാധീനത്തെ കുറിച്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശ്രീലങ്ക ഗാര്‍ഡിയനിലെ കോളത്തിലാണ് ഇക്കാര്യം പറയുന്നത്.