കീവ്∙ യുക്രെയ്നിലെ കിഴക്കൻ, തെക്കൻ മേഖലയിലെ 4 പ്രവിശ്യകൾ റഷ്യയോട് കൂട്ടിച്ചേർക്കാൻ നീക്കം നടക്കുന്നതിനിടെ യുക്രെയ്നിൽ മിസൈൽ ആക്രമണം. സൊപൊറീഷ്യയിൽ റഷ്യ നടത്തിയ ആക്രമണത്തിൽ 23 പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം. എന്നാൽ ആക്രമണത്തിന് പിന്നിൽ യുക്രെയ്ൻ ആണെന്ന് റഷ്യ ആരോപിച്ചു.
റഷ്യ പിടിച്ചെടുത്ത സ്ഥലങ്ങളിലെ ആളുകൾക്ക് സഹായവുമായി പോയ വാഹനങ്ങളാണ് ആക്രമിക്കപ്പെട്ടത്. റഷ്യൻ അധിനിവേശ പ്രദേശത്ത് കുടുങ്ങിപ്പോയവരെ രക്ഷിക്കുന്നതിനും ഇവിടേക്ക് വാഹനങ്ങൾ പോയിരുന്നു. മൂന്നു മിസൈലുകൾ പതിച്ചുവെന്ന് സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ടവർ പറഞ്ഞു. വാഹനങ്ങൾ പൂർണമായും തകർന്നു.
നിലവിൽ റഷ്യൻ സേനയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ വെള്ളിയാഴ്ച റഷ്യ ആരംഭിച്ച ഹിതപരിശോധന ചൊവ്വാഴ്ച പൂർത്തിയായി. ലുഹാൻസ്ക് (98%), ഡോണെറ്റ്സ്ക് (99%), ഹേഴ്സൻ (87%), സാപൊറീഷ്യ (93%) എന്നീ പ്രവിശ്യകളിലെ ജനങ്ങൾ തങ്ങളുടെ ഭാഗമാകാൻ ഹിതപരിശോധനയിൽ സമ്മതമറിയിച്ചെന്നാണു റഷ്യയുടെ അവകാശവാദം.
ഈ മേഖല യുക്രെയ്നിന്റെ 15 ശതമാനത്തോളം വരും. മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ സാന്നിധ്യത്തിൽ ഇന്നു നടക്കുന്ന ചടങ്ങിൽ 4 പ്രവിശ്യകളിലെയും റഷ്യൻ അനുകൂല നേതാക്കൾ ഉടമ്പടി ഒപ്പുവയ്ക്കും. ഇതുമായി ബന്ധപ്പെട്ട കരടുനിയമം വരുന്ന തിങ്കളാഴ്ച റഷ്യൻ പാർലമെന്റ് പാസാക്കും.