തിരുവനന്തപുരം: പൊലീസുകാരെ ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ട മിന്നൽ ഫൈസൽ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ. ആറ്റിങ്ങൽ പൊലീസാണ് മിന്നൽ ഫൈസലിനെ പിടികൂടിയത്. രാവിലെ ആറ്റിങ്ങൽ ഊരുപൊയ്കയിൽ വെച്ച് ഫൈസലിനെ പിടികൂടാൻ എത്തിയ ചിറയിൻകീഴ് സ്റ്റേഷനിലെ പൊലീസുകാരെയാണ് പ്രതി ആക്രമിച്ച് രക്ഷപെട്ടത്. ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ അരുൺ കുമാർ, ലുക്ക്‌മാൻ എന്നിവർക്കാണ് പരിക്കേറ്റത്.
ഇയാളെ പിടികൂടി ഒരു കൈയിൽ വിലങ്ങു വെച്ച ശേഷമാണ് മറുകൈകൊണ്ട് ഇയാൾ കല്ല് ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചത്. അരുൺകുമാറിന് തലയ്ക്കും കൈയ്ക്കും പരിക്കുണ്ട്. ലുക്ക്മാന് പിടിവലിക്കിടെ ഉണ്ടായ ചെറിയ പരിക്ക് മാത്രമാണുള്ളത്. സംഭവസ്ഥലത്ത് നിന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പൊലീസ് പ്രതിയെ അവനവഞ്ചേരി കൊച്ചു വരുത്തിയിൽ വെച്ച് ദീർഘ നേരത്തെ പരിശ്രമത്തിനൊടുവിൽ കീഴ്പ്പെടുത്തുകയായിരുന്നു.
പ്രതിക്കെതിരെ നിരവധി സ്റ്റേഷനുകളിലായി പൊലീസുകാരെ ആക്രമിച്ചതടക്കമുള്ള കേസുകൾ നിലവിൽ ഉള്ളതായി പൊലീസ് പറഞ്ഞു. അതേസമയം, കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനി ബെംഗളൂരുവിൽ പിടിയിലായി. നൈജീരിയൻ സ്വദേശി ഒക്കാഫോർ എസേ ഇമ്മാനുവൽ (32) ആണ് അറസ്റ്റിലായത്. ആറ് മാസത്തിനിടെ ഇയാൾ കൊച്ചിയിലേക്ക് കടത്തിയത് നാലര കിലോ എംഡിഎംഎ ആണ്.
ബെംഗളൂരുവിൽ താമസിച്ച് ലഹരി മരുന്ന് നിർമിച്ച് കേരളത്തിലേക്ക് എത്തിക്കുന്നതായിരുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പാലാരിവട്ടം പൊലീസാണ് ബെംഗളൂരുവിലെത്തി ഇയാളെ പിടികൂടിയത്. ജൂലൈ മാസത്തിൽ എറണാകുളത്ത് നടന്ന ഒരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇയാളിലേക്ക് എത്തിയത്.
ജൂലൈ 120ന് 102.4 ഗ്രാം എംഡിഎംഎയുമായി ഹാറൂൺ സുൽത്താൻ എന്നയാളെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് കിട്ടിയ വിവര പ്രകാരം അലിൻ ജോസഫ്,നിജു പീറ്റർ, അലൻ ടോണി എന്നിവരെയും പിടികൂടി. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ബെംഗളൂരു, ദില്ലി എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് വൻതോതിൽ ലഹരി മരുന്ന് എത്തിക്കുന്ന കണ്ണികളെ കുറിച്ചുള്ള സൂചന ലഭിച്ചത്.