പാലക്കാട് : അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് മധുവിന്റെ കുടുംബം. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. സര്‍ക്കാരും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറും കേസ് സംബന്ധിച്ച് യാതൊരു വിവരവും ഇതുവരെ കുടുംബത്തെ അറിയിച്ചില്ല എന്നും മധുവിന്റെ സഹോദരി ആരോപിച്ചു. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടിയിലെ മുക്കാലിയില്‍ മോഷണക്കുറ്റമാരോപിച്ച് ആള്‍ക്കൂട്ടം ആദിവാസി യുവാവായ മധുവിനെ തല്ലിക്കൊന്നത്. തൊട്ടടുത്ത മെയ് 22ന് പോലീസ് 16 പേരെ പ്രതിയാക്കി കുറ്റപത്രം നല്‍കി. നാലാം കൊല്ലവും വിചാരണ തുടങ്ങാനാവാത്ത സാഹചര്യത്തിലാണ് ഇന്നലെ മണ്ണാര്‍ക്കാട് എസ്.സി എസ്.ടി കോടതി പബ്ലിക് പ്രോസിക്യൂട്ടര്‍ എവിടെ എന്ന ചോദ്യമുയര്‍ത്തിയത്.
രണ്ടു കൊല്ലം മുമ്പ് സര്‍ക്കാര്‍ ചുമതലയേല്‍പ്പിച്ച വി.ടി.രഘുനാഥ് ആരോഗ്യ കാരണം ചൂണ്ടിക്കാട്ടി ഒഴിയാന്‍ സന്നദ്ധത അറിയിച്ചതോടെയാണ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ച മധു കൊലക്കേസ് വിചാരണ പ്രതിസന്ധിയിലായത്. മുഴുവന്‍ പ്രതികളെയും പിടികൂടിയില്ല എന്ന ആക്ഷേപം നേരത്തെ സമര സമതിക്കുണ്ടായിരുന്നു. സര്‍ക്കാരിലും പോലീസിലുമുള്ള അവിശ്വാസം പ്രകടിപ്പിച്ചാണ് കുടുംബവും സമരസമിതിയും സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. രാജി സന്നദ്ധത അറിയിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ വി ടി രഘുനാഥിനെതിരെയും ഗുരുതര ആരോപണമുയര്‍ത്തുകയാണ് കുടുംബം, കേസ് സംബന്ധിച്ച് യാതൊരു വിവരവും ഇതുവരെ കുടുംബത്തെ അറിയിച്ചില്ലെന്നതാണ് ആരോപണം. ഇത് രണ്ടാമത്തെ പബ്ലിക് പ്രോസിക്യൂട്ടറാണ് കേസൊഴിയുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാടി വി ടി രഘുനാഥ്, കേസില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഒരാഴ്ച മുമ്പ് ഡിജിപിക്ക് കത്ത് നല്‍കിയെങ്കിലും പകരം സംവിധാനമൊരുക്കിയില്ല. ഫെബ്രുവരി 26 നാണ് ഇനി കോടതി കേസ് പരിഗണിക്കുക.