പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ ഒടുവിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് പ്രതിഫലം അനുവദിച്ചു. യാത്രാബത്തയായി 47000 രൂപ നൽകും. കേസ് തുടങ്ങിയത് മുതൽ ഇതുവരെ ഒരു രൂപ പോലും സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് ലഭിച്ചിരുന്നില്ല. വിചാരണ നാളിലെ ചിലവെങ്കിലും അനുവദിക്കാൻ ഇടപെടണം എന്ന് കാട്ടി അഭിഭാഷകൻ രാജേഷ് എം മേനോൻ കളക്ടർക്ക് ചിലവ് കണക്ക് സഹിതം കത്തയച്ചിരുന്നു.
സർക്കാരിന് താത്പര്യമുള്ള കേസിൽ ലക്ഷങ്ങൾ ചിലവഴിക്കുമ്പോഴാണ്, ഏറെ പ്രമാദമായ മധുകൊലക്കേസിൽ വക്കീലിന് ഫീസ് കൊടുക്കാൻ പോലും സർക്കാർ മടിക്കുന്നത്. 40ലേറെ തവണ രാജേഷ് എം. മേനോൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായും അഡീഷണലായും മധുകേസിൽ കോടതിയിലെത്തിയിട്ടുണ്ട്. എന്നാല്‍, ഇക്കാലയളവിലെ ഫീസോ, യാത്രാച്ചിലവോ, വക്കീലിന് നൽകിയിട്ടില്ല. 240 രൂപയാണ് ഒരു ദിവസം ഹാജരായാൽ വക്കീലിന് നൽകുക. 1978 ലെ വ്യവസ്ഥ പ്രകാരമുള്ള ഫീസ് ഘടനയാണിത്. ഒരു ദിവസം കോടതിയിൽ ഹാജരായി മൂന്ന് മണിക്കൂർ ചിലവഴിച്ചാലാണ് 240 രൂപ കിട്ടുക. അല്ലെങ്കിൽ അത് 170 ആയി ഫീസ് കുറയും. കേസിൽ ആദ്യത്തെ പ്രോസിക്യൂട്ടറായിരുന്നു പി ഗോപിനാഥ് ന്യായമായ ഫീസ് അല്ല സർക്കാർ ഉത്തരിവുള്ളത് എന്ന് പറഞ്ഞാണ് പിന്മാറിയത്. നാട്ടിൽ തൊഴിലുറപ്പ് പദ്ധതിക്ക് പോകുന്ന ഒരാൾക്ക് 291 രൂപ കൂലി കിട്ടും. അപ്പോഴാണ്, മധുകേസിൽ നീതിക്ക് വേണ്ടി വാദിക്കുന്ന വക്കീലിന് 240 രൂപ. ആ തുകയാണ് കൊടുക്കാതെ സര്‍ക്കാര്‍ കുടിശ്ശിക വയ്ക്കുന്നത്.
കേസ് ആവശ്യത്തിനായി ചെലവായ 1,63,520 രൂപ അനുവദിക്കണം എന്ന് കാട്ടി രാജേഷ് എം മേനോൻ നേരത്തെ കളക്ടർക്ക് കത്ത് നൽകിരുന്നു.
സർക്കാരിന് താത്പര്യക്കൂടുതലുള്ള പല കേസുകളിലും ലക്ഷങ്ങളാണ് അഭിഭാഷകർക്കായി നൽകുന്നത്. എന്നിട്ടും മധു കേസിൽ ഒടുവില്‍ സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് ലഭിച്ചത് യാത്രാബത്തയായ 47000 രൂപ മാത്രം.