കൊച്ചി: പാലക്കാട് അട്ടപ്പാടി മധു ആൾക്കൂട്ട കൊലക്കേസിൽ വിചാരണ നിർത്തിവെക്കണമെന്ന ആവശ്യവുമായി മധുവിന്റെ അമ്മയുടെ ഹർജി നൽകി. വിചാരണ നിർത്തിവെക്കണമെന്ന് അമ്മ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. പ്രോസിക്യൂട്ടറെ മാറ്റണമെന്ന അപേക്ഷ ചീഫ് സെക്രട്ടറിയുടെ പരിഗണനയിലാണ്. ഈ അപേക്ഷയിൽ തീരുമാനമാകുന്നതുവരെ വിചാരണ നിർത്തണമെന്നാണ് ആവശ്യം. ഹർജി ഉച്ചയ്ക്കുശേഷം ഹൈക്കോടതി പരിഗണിക്കും. വിചാരണ തുടങ്ങിയപ്പോൾ കൂറുമാറ്റം ഉണ്ടായതിനെ തുടർന്നാണ് അമ്മ കോടതിയെ സമീപിച്ചിച്ചത്. പ്രോസിക്യൂഷന്റെ പോരായ്മ കൊണ്ടാണ് സാക്ഷികൾ മൊഴി മാറ്റുന്നത്. പ്രോസിക്യൂട്ടറെ മാറ്റിവെക്കണമെന്ന് താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അമ്മ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണം എന്നാവശ്യപ്പെട്ട് മധുവിന്റെ സഹോദരി സരസുയാണ് കഴിഞ്ഞ ദിവസം മണ്ണാർക്കാട് വിചാരണ കോടതിയെ സമീപിച്ചത്. എന്നാൽ സർക്കാർ നിയമിച്ച അഭിഭാഷകനെ കോടതിയല്ല മാറ്റേണ്ടതെന്ന് വിചാരണ കോടതി വിശദീകരിച്ചു. കുടുംബത്തിന് അങ്ങനെ ഒരാവശ്യം ഉണ്ടെങ്കിൽ സർക്കാരിനെ സമീപിക്കണമെന്നും കോടതി നിർദേശിച്ചു. ഇതിന് പിന്നാലെയാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് മധുവിന്‍റെ അമ്മ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന് കത്ത് നല്‍കിയത്. കേസിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല. സ്പെഷ്യൽ പ്രോസിക്യൂട്ടര്‍ അഡ്വ. സി രാജേന്ദ്രന് വിചാരണയിൽ പരിചയക്കുറവുണ്ടെന്നും രണ്ട് സാക്ഷികൾ കൂറുമാറിയത് പ്രോസിക്യൂട്ടറുടെ വീഴ്ചയാണെന്നുമാണ് കത്തിലെ ആരോപണം. അഡീഷണൽ പ്രോസിക്യൂട്ടറെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാണ് ഇവരുടെ ആവശ്യം.
കേസിൽ സാക്ഷികൾ പലരും ഇതിനോടകം കൂറുമാറുകയും കൂടുതൽ സാക്ഷികൾ കൂറുമാറാൻ സാധ്യത നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യമാണെന്ന് മധുവിന്റെ കുടുംബം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം പത്താം സാക്ഷി ഉണ്ണികൃഷ്ണൻ, പതിനൊന്നാം സാക്ഷി ചന്ദ്രൻ എന്നിവർ പ്രതികൾക്ക് അനുകൂലമായി കൂറ് മാറിയിരുന്നു. സാക്ഷികളെ പ്രതികൾ ഒളിവിൽ പാർപ്പിച്ചാണ് കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം.