പാലക്കാട്: അട്ടപ്പാടി മധു വധ കേസിൽ രണ്ട് ജീവനക്കാരെ വനം വകുപ്പ് പിരിച്ചുവിട്ടു. വനം വകുപ്പ് വാച്ചർമാരെയാണ് സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. രഹസ്യമൊഴി തിരുത്തിയതിനാണ് നടപടി. പന്ത്രണ്ടാം സാക്ഷി അനിൽകുമാർ, പതിനാറാം സാക്ഷി അബ്ദുൽ റസാഖ് എന്നിവർക്കെതിരെയാണ് വനം വകുപ്പ് അട്ടപ്പാടി റേഞ്ച് ഓഫീസർ സി ഉമേഷ് നടപടിയെടുത്തത്.
കേസിന്റെ സാക്ഷി പട്ടികയിൽ ഇനിയും വനം വാച്ചർമാരുണ്ട്. ഇവർക്കുള്ള പരോക്ഷ താക്കീത് എന്ന നിലയ്ക്ക് കൂടിയാണ് മൊഴി മാറ്റിയവർക്കെതിരെ നടപടി എടുത്തത്. താത്കാലിക വാച്ചർമാരെയാണ് സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. സർക്കാർ ശമ്പളം വാങ്ങി പ്രോസിക്യൂഷന് അനുകൂലമായി നൽകിയ രഹസ്യമൊഴി തിരുത്തിയതിനാണ് നടപടി. പ്രതികൾ സാക്ഷി പട്ടികയിൽ അവശേഷിക്കുന്ന വാച്ചർമാരെ സ്വാധീനിക്കാനുള്ള ശ്രമം കൂടി മുന്നിൽ കണ്ടാണ് നടപടി.
അട്ടപ്പാടി മധു കേസിൽ നിർണായക സാക്ഷിമൊഴി ഇന്ന് വിചാരണ കോടതിയിൽ ഉണ്ടായി. മധുവിനെ ചവിട്ടുന്നത് കണ്ടുവെന്നാണ് പതിമൂന്നാം സാക്ഷിയായ സുരേഷിന്‍റെ മൊഴി. പാക്കുളം സ്വദേശി ഹുസൈനാണ് മധുവിനെ ചവിട്ടിയതെന്നും മധു തലയിടിച്ച് വീണതായും കോടതിയില്‍ സുരേഷ് മൊഴി നല്‍കി. ഹുസൈനെ സാക്ഷി തിരിച്ചറിഞ്ഞു. ആറ് സാക്ഷികള്‍ മൊഴിമാറ്റിയതിന് പിന്നാലെയാണ് പ്രോസികൂഷ്യന് അനുകൂലമായ മൊഴി ലഭിക്കുന്നത്.
ഒരു സാക്ഷി കൂടി ഇന്ന് മൊഴി മാറ്റി. ഇതോടെ കേസിൽ കൂറുമാറിയ സാക്ഷികളുടെ എണ്ണം ആറായി. പതിനാറാം സാക്ഷിയായി പ്രോസിക്യൂഷൻ ഹാജരാക്കിയ വനംവകുപ്പ് വാച്ചർ റസാഖ് ആണ് കോടതിയിൽ ഇന്ന് മൊഴി മാറ്റിയത്. ഇയാളാണ് വനം വകുപ്പ് സർവീസിൽ നിന്ന് പിരിച്ചുവിട്ട ഒരു വാച്ചർ.
കേസില്‍ നേരത്തെ കൂറുമാറിയ, പന്ത്രണ്ടാം സാക്ഷിയായ മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ താത്കാലിക വാച്ചറായ അനിൽ കുമാറിനെ കഴിഞ്ഞ ദിവസം വനം വകുപ്പ് പിരിച്ച് വിട്ടിരുന്നു. വിസ്താരത്തിനിടെ മൊഴി മാറ്റിയതിനെ തുടർന്നായിരുന്നു പിരിച്ചുവിടൽ. മധുവിനെ അറിയില്ലെന്നാണ് അനിൽ കുമാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. പൊലീസിന്‍റെ നിർബന്ധം പ്രകാരമാണ് നേരത്തെ രഹസ്യമൊഴി നൽകിയതെന്നും അനിൽ കുമാര്‍ വ്യക്തമാക്കിയിരുന്നു. 10,11,14,15 സാക്ഷികളും നേരത്തെ കൂറുമാറിയിരുന്നു. അനിൽ കുമാർ മൊഴി മാറ്റിയതിന് പിരിച്ചു വിടപ്പെട്ടിട്ടും അബ്ദുൾ റസാഖ് മൊഴി മാറ്റിയത് വനം വകുപ്പിന് തിരിച്ചടിയായി.
കൂറുമാറ്റം തടയാൻ സാക്ഷികൾക്ക് കഴിഞ്ഞ ദിവസം മുതൽ പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നെങ്കിലും നീക്കം ലക്ഷ്യം കണ്ടിട്ടില്ല. ഇതാണ് ഇന്നത്തെ കൂറുമാറ്റവും തെളിയിക്കുന്നത്. സാക്ഷികളെ പ്രതികൾ ഒളിവിൽ പാർപ്പിച്ചാണ് കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്ന് കുടുംബം ആരോപിച്ചിരുന്നു. സാക്ഷികൾ കൂറ് മാറുന്നതിൽ മധുവിന്റെ സഹോദരി പൊട്ടിക്കരഞ്ഞ് മാധ്യമങ്ങളോട് സങ്കടം പറയുകയും ചെയ്തിരുന്നു. കൂറുമാറാതിരിക്കാൻ സാക്ഷികൾ പണം ആവശ്യപ്പെട്ടെന്നാണ് സരസു പറഞ്ഞത്. കേസിൽ നിന്ന് പിന്മാറാൻ വലിയ സമ്മർദം ഉണ്ടെന്നും കുടുംബം എസ്പിക്ക് പരാതി നൽകുകയായിരുന്നു. 12-ാമത്തെ സാക്ഷി കൂറുമാറിയ സാഹചര്യത്തിലാണ് സ്വന്തം സഹോദരന് നീതി തേടി പോരാടുന്ന സരസു നിസ്സഹായവസ്ഥ പങ്കുവച്ചത്.
കൂറുമാറാതിരിക്കാൻ പണം ചോദിക്കുകയാണ് സാക്ഷികളെന്ന് സരസു പറഞ്ഞിരുന്നു. ഇതിനിടെ, അട്ടപ്പാടിയിൽ കഴിയാൻ ഭീഷണി ഉണ്ടെന്ന് കാണിച്ച് മധുവിന്റെ കുടുംബം പാലക്കാട് എസ്പിക്ക് പരാതി നൽകി. മണ്ണാർക്കാടേക്ക് താമസം മാറ്റാനാണ് കുടുംബത്തിന്‍റെ ആലോചന. ഭീഷണിയും പ്രലോഭനങ്ങളും ഭയന്നാണ് തീരുമാനമെന്നും സരസു പറഞ്ഞിരുന്നു. 2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്.