തൊടുപുഴ : വിവാഹാഭ്യർഥന നിരസിച്ച നിയമവിദ്യാർഥിനിയെ കഴുത്തറുത്തു കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. എറണാകുളം ഫോർട്ട്കൊച്ചി പണയപീടികയിൽ മുല്ലശേരിൽ ഷാജഹാൻ (23) ആണു പിടിയിലായത്. കഴുത്തിൽ കത്തി വച്ച് കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ ശേഷം പെൺകുട്ടിയുടെ മൊബൈൽ ഫോൺ തട്ടിയെടുത്തു കടന്നുകളഞ്ഞ പ്രതിയെ തൃപ്പൂണിത്തുറയിൽ നിന്നാണു തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
ഫോർട്ട്കൊച്ചി സ്വദേശിനിയായ പെൺകുട്ടിയുമായി ഇയാൾ അഞ്ചു വർഷത്തോളം പ്രണയത്തിലായിരുന്നു. ഇരു വീട്ടുകാരും ചേർന്നു വിവാഹവും ഉറപ്പിച്ചിരുന്നു. എന്നാൽ ഇയാൾ മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലായതോടെ വിവാഹം നടന്നില്ല. ഇതിനിടെ വിവാഹാഭ്യാർഥനയുമായി ഷാജഹാൻ വീണ്ടും സമീപിച്ചു. ഇതു നിരസിച്ചതോടെ പെൺകുട്ടിയുടെ ഫോട്ടോകളും വിഡിയോയും പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി.
ബുധൻ വൈകിട്ട് തൊടുപുഴയിൽ എത്തിയ പ്രതി പെൺകുട്ടിയോടു സംസാരിക്കണമെന്നും കോലാനി ബൈപാസിൽ എത്തണമെന്നും ആവശ്യപ്പെട്ടു. പെൺകുട്ടി ഇയാൾ പറഞ്ഞ സ്ഥലത്തെത്തി. തുടർന്നു പെൺകുട്ടി താമസിക്കുന്ന സ്ഥലത്ത് തങ്ങണമെന്ന് ഷാജഹാൻ നിർബന്ധം പിടിച്ചു. ഇതും നിരസിച്ചതോടെയാണു വധശ്രമം. ഭയന്ന പെൺകുട്ടി ഫോണിൽ സുഹൃത്തുക്കളെ വിളിക്കാൻ ശ്രമിച്ചതോടെ പ്രതി ഫോൺ പിടിച്ചു വാങ്ങി. ഡിവൈഎസ്പി എം.ആർ.മധുബാബു, എസ്എച്ച്ഒ വി.സി.വിഷ്ണുകുമാർ, എസ്ഐ ഷംസുദ്ദീൻ, എഎസ്ഐ ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണുപിടികൂടിയത്.