പത്തനംതിട്ട: തിരുവല്ലയില്‍ 20 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടു പേര്‍ അറസ്റ്റില്‍. പാലക്കാട് തിരുമറ്റക്കോട് സ്വദേശികളായ അമീന്‍, ഉനൈസ് എന്നിവരാണ് പിടിയിലായത്. പിക്ക് അപ്പ് വാനില്‍ സവാള ചാക്കുകള്‍ക്ക് അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലക്ഷങ്ങളുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളെന്ന് പൊലീസ് പറഞ്ഞു. 45 സവാള ചാക്കുകളിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. ബംഗളൂരുവില്‍ നിന്നുമാണ് പ്രതികള്‍ ലഹരി വസ്തുക്കള്‍ കൊണ്ടുവന്നത്. തിരുവല്ലയിലെ മൊത്തക്കച്ചവടക്കാര്‍ക്ക് കൈമാറാന്‍ കൊണ്ടുവന്നതെന്നാണ് നിഗമനമെന്നും പൊലീസ് പറഞ്ഞു.
അമീനും ഉനൈസും ഇതര സംസ്ഥാനങ്ങളില്‍ നിന്നും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണെന്നും പൊലീസ് അറിയിച്ചു. മുന്‍പും ഇവര്‍ പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയിട്ടുണ്ട്. ജില്ലയുടെ പല ഭാഗങ്ങളിലേക്കും ഇവര്‍ ഹാന്‍സ് കടത്തുന്നുണ്ടെന്നാണ് അറിഞ്ഞത്. ഇത് സംബന്ധിച്ചും സംഘത്തിലെ മറ്റ് അംഗങ്ങളെ കുറിച്ചും വിശദമായ അന്വേഷണം നടത്തി കൊണ്ടിരിക്കുകയാണെന്ന് തിരുവല്ല ഡിവൈഎസ്പി എസ്. അഷാദ് പറഞ്ഞു.