കൊച്ചി:ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ പ്രതിയായ വധശ്രമക്കേസില്‍ പത്തുവര്‍ഷത്തെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. എന്നാല്‍, കുറ്റക്കാരനെന്ന് കണ്ടെത്തിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തില്ല. വധശ്രമക്കേസില്‍ ലക്ഷദീപ് എം.പി മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ കുറ്റക്കാര്‍ തന്നെയെന്നും നിരീക്ഷിച്ചുകൊണ്ടാണ് ശിക്ഷ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചത്. പത്തുവര്‍ഷത്തെ ശിക്ഷ മരവിപ്പിച്ചതോടെ മുഹമ്മദ് ഫൈസലടക്കം നാലുപ്രതികള്‍ക്കും തല്‍ക്കാലം ജയില്‍ ശിക്ഷ അനുഭവിക്കേണ്ട. കേസില്‍ രണ്ടാം പ്രതിയാണ് മുഹമ്മദ് ഫൈസല്‍.
ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെതിരായ വധശ്രമക്കേസില്‍ പത്തുവര്‍ഷത്തെ ശിക്ഷ സ്റ്റേ ചെയ്ത് ജാമ്യം അനുവദിക്കണമെന്ന ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ശിക്ഷ നടപടി മരവിപ്പിച്ചത്. കേസില്‍ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി നേരത്തെ ജാമ്യം നല്‍കിയിരുന്നു. എന്നാല്‍, ഹര്‍ജി വീണ്ടും പരിഗണക്കണമെന്ന സുപ്രീംകോടതി നിർദേശത്തെത്തുടർന്നാണ് പുനപരിശോധന നടത്തിയത്. തെരഞ്ഞെടുപ്പ് ഒഴിവാക്കുന്നതിനായി ശിക്ഷ സസ്പെൻഡ് ചെയ്യുന്നെന്നായിരുന്നു സിംഗിൾ ബെഞ്ചിന്‍റെ നേരത്തെയുളള നിരീക്ഷണം.
ഇക്കഴിഞ്ഞ ജനുവരിയിലാണ് വധശ്രമ കേസിൽ ലക്ഷദ്വീപ്എം പി മുഹമ്മദ് ഫൈസലിനെതിരായ കവരത്തി കോടതിയുടെ കുറ്റവും ശിക്ഷയും ഹൈക്കോടതി സ്റ്റേ ചെയ്തത്. 15 മാസത്തേക്ക് മാത്രമായി വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നത് രാജ്യത്തിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്ന നിരീക്ഷണത്തോടെയായിരുന്നു വിധി. രാഷ്ട്രീയത്തെ ക്രിമിനൽ മുക്തമാക്കണ്ടത് രാജ്യ താൽപ്പര്യത്തിന് അത്യാവശ്യമാണ്. എന്നാൽ ലക്ഷദ്വീപിലെ പ്രത്യേക സാഹചര്യം കണക്കിലെടുക്കാതിരിക്കാനാകില്ല. മുഹമ്മദ് ഫൈസലിനെതിരായ വിധി മരവിപ്പിച്ചില്ലെങ്കിൽ ലക്ഷദ്വീപിൽ പരിമിതമായ കാലത്തേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടിവരും. വൻ ഒരുക്കവും പണവും ചെലവഴിച്ചാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത്. നേരിട്ടല്ലെങ്കിലും പൊതുജനത്തിൻറെ പണമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് കവരത്തി കോടതിയുടെ കുറ്റവും ശിക്ഷയും അപ്പീൽ ഹർജിയിൽ അന്തിമ വിധി വരുന്നത് വരെ മരവിപ്പിക്കുന്നതെന്നായിരുന്നു വിധിന്യായത്തിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞിരുന്നത്.