ആറ്റിങ്ങൽ: പ്രവാസിയുടെ വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവ് പെരുങ്കുഴി കുഴിയം കോളനി തിട്ടയിൽ വീട്ടിൽ ആന്റണിയെയാണ് അഞ്ചുതെങ് പൊലീസ് മോഷണം നടന്ന് മൂന്ന് ദിവസങ്ങൾക്കുള്ളിൽ അറസ്റ്റ് ചെയ്തത്. വിളഭാഗം കള്ളുഷാപ്പ് ജങ്ഷനിൽ എ.എസ് നിവാസിൽ 30ന് പുലർച്ചെ ആണ് കവർച്ച നടത്തിയത്.
മുൻവശം വാതിൽ കുത്തിത്തുറന്ന് അകത്ത് കയറി വിലകൂടിയ വസ്തുക്കളും സ്വർണാഭരണങ്ങളും മോഷണം ചെയ്ത കേസിലാണ് അറസ്റ്റ്. വീട്ടിൽ സി.സി.ടി.വി ഉണ്ടായിരുന്നതിനാൽ പ്രതിയെ വേഗത്തിൽ തിരിച്ചറിയാൻ സാധിച്ചു. നിരവധി മോഷണ കേസുകളിൽ പ്രതിയായിട്ടുള്ള ആന്റണിയെ ചോദ്യം ചെയ്തതിൽ കൂട്ട് പ്രതിയെയും തിരിച്ചറിഞ്ഞു. കൂട്ടുപ്രതിയെ പിടികൂടുന്നതിനുള്ള ഊർജിത ശ്രമത്തിലാണ് പൊലീസ്.
പ്രതി ആന്റണി മുമ്പ് നിരവധി മോഷണ കേസുകളിൽ പിടിക്കപ്പെട്ടിട്ടുണ്ട്. പകൽ സമയത്ത് മോഷണം നടത്താൻ ഉദ്ദേശിക്കുന്ന വീടുകൾ കണ്ടുവെച്ച ശേഷം അർധരാത്രിയിൽ വീണ്ടും സ്ഥലത്തു എത്തി മോഷണം നടത്തും. മോഷണം നടത്തുന്ന സ്ഥലത്തു ഒരു തെളിവുകളും അവശേഷിപ്പിക്കാതെയാണ് ഇവർ മോഷണം നടത്തിയിരുന്നത്.
അഞ്ചുതെങ് പൊലീസ് പരിധിയിൽ രാത്രികാല പെട്രോളിങ് ശക്തമാക്കിയതായി അഞ്ചുതെങ് ഐ.എസ്.എച്ച്.ഒ പ്രൈജു ജി അറിയിച്ചു. തിരുവനന്തപുരം റൂറൽ എസ്.പി ശിൽപക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കല ഡിവൈ.എസ്.പി സി.ജെ. മാർട്ടിൻ നർകോട്ടിക് ഡിവൈ.എസ്.പി രാസിത് എന്നിവരുടെ നിർദേശപ്രകാരം അഞ്ചുതെങ് ഐ.എസ്.എച്ച്.ഒ പ്രൈജു ജിയുടെ നേതൃത്വത്തിൽ എസ്.ഐ മാഹീൻ, ബിജു, എ.എസ്.ഐ വിനോദ് കുമാർ, ബിജുകുമാർ, പൊലീസുകാരായ ഷാൻ, ശ്രീകുമാർ, ഷംനാസ്, വിനീഷ്, സുനിൽരാജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.