റിയാദ്: സൗദിയിൽ വിനോദ കേന്ദ്രങ്ങളിൽ സ്വദേശിവത്കരണം കര്‍ശനമായി നടപ്പാക്കിത്തുടങ്ങി. സൗദി പൗരൻമാർക്ക് മാത്രമായി പരിമിതപ്പെടുത്തിയ തൊഴിലുകളിൽ മറ്റ് രാജ്യക്കാരെ നിയമിക്കുന്നതിനെതിരെ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സൗദി അറേബ്യയിൽ വിനോദ കേന്ദ്രങ്ങളിലെ എഴുപത് ശതമാനം ജോലികളാണ് സ്വദേശികൾക്കായി പരിമിതപ്പെടുത്തിയിരിക്കുന്നത്. മാളുകൾക്കുള്ളിലെ വിനോദ കേന്ദ്രങ്ങളിലെ 100 ശതമാനം ജോലികളും സ്വദേശികൾക്കായി മാറ്റിവച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച വിശദാംശങ്ങൾ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വദേശികൾക്കായി പരിമിതപ്പെടുത്തിയ ജോലികളിൽ മറ്റുള്ളവരെ നിയമിച്ചാലും സ്വദേശിവത്കരണ ശതമാനം പാലിച്ചില്ലെങ്കിലും കർശനമായ നടപടിയുണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
സൗദി പൗരന്മാർക്ക് അനുയോജ്യമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുകയാണ് സ്വദേശിവത്കരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു. അതേസമയം. പെയിന്റർ, ക്ലീനിങ് തൊഴിലാളി, ബസ് ഡ്രൈവർ, കയറ്റിറക്ക് തൊഴിലാളികൾ, ബാർബർ, പ്ലംബർ, പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള ഗെയിമിങ് ഓപറേറ്റേഴ്സ് എന്നീ തൊഴിലുകളെ സൗദിവത്കരണ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സൗദിവത്കരണത്തില്‍ നിന്ന് ഒഴിവാക്കിയ തൊഴിലാളികള്‍ യൂനിഫോം ധരിക്കേണ്ടതും തൊഴിലാളികളുടെ ജോലികള്‍ യൂനിഫോമിന്റെ പിന്‍വശത്ത് രേഖപ്പെടുത്തേണ്ടതും നിര്‍ബന്ധമാണ്.