തിരുവനന്തപുരം > പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചരിത്രവും ഐതിഹ്യവുമെല്ലാം ഇനി നിങ്ങളുടെ ഉള്ളംകൈയിലെത്തും. വെറും വിക്കിപീഡിയ വിവരങ്ങളായല്ല, കണ്ണിനുമുന്നിലെ ചലന ചിത്രങ്ങളായി. ക്ഷേത്രത്തിന്റെ എല്ലാ ആഘോഷാരവങ്ങളും ഏതു സമയത്തും നിങ്ങൾക്ക് അനുഭവിക്കാനുമാകും. വിനോദസഞ്ചാര വകുപ്പിന്റെ കേരള ടൂറിസം ആപ് മാത്രം ഫോണിൽ ഉണ്ടായാൽ മതി. വിനോദസഞ്ചാര വകുപ്പിന്റെ ഓഗ്‌മെന്റഡ് റിയാലിറ്റി (പ്രതീതി യാഥാർഥ്യം) ഹെറിറ്റേജ് വാക്ക് പദ്ധതിയാണ് ഇതിനായി ഒരുങ്ങുന്നത്. മൂന്നു മാസത്തിനകം പദ്ധതി നടപ്പാക്കും. കിഴക്കേകോട്ട, ചാല ഉൾപ്പെടെ ക്ഷേത്രപരിസരത്തെ അമ്പതോളം സ്ഥലങ്ങളാണ് പൈതൃക പാതാ പദ്ധതിയിൽ ഉള്ളത്.
കേരള, ദ്രാവിഡ ശൈലികളുടെ സങ്കരമായ ക്ഷേത്രനിർമിതിയുടെ സവിശേഷതകളും പ്രത്യേകതകളുമെല്ലാം വീഡിയോയിൽ സഞ്ചാരിക്ക് അറിയാനാകും. കിഴക്കേകോട്ട ഗാന്ധിപാർക്ക് മുതൽ കോട്ടവാതിലിൽ അവസാനിക്കുന്ന പാതയിൽ എവിടെവച്ചും ഫോണിലെ ആപ് വഴി കാമറ തുറന്നാൽമതി. പത്മനാഭക്ഷേത്രത്തിനു മുന്നിലാണ് കാമറ എങ്കിൽ നവരാത്രി ആഘോഷം, ലക്ഷദീപം, പൈങ്കുനി ഉത്സവം, വേലകളി, പള്ളിവേട്ട, അൽപ്പശി ഉത്സവം എന്നിവയുടെ എച്ച്ഡി മികവോടെയുള്ള വീഡിയോ കാണാം, അതും നാനാഭാഗവും ഒപ്പിയെടുക്കുന്ന 360 ഡിഗ്രി വീഡിയോ. ത്രീഡി അനിമേഷൻ, നാവിഗേഷൻ മാപ് എന്നിവയുമുണ്ട്
ആപ്പിന്റെ പ്രവർത്തനം
എല്ലാ സ്‌മാർട്ട് ഫോണിലും ഓഗ്‌മെന്റഡ് റിയാലിറ്റി സൗകര്യം ആസ്വദിക്കാം
●വിനോദസഞ്ചാരവകുപ്പിന്റെ ഔദ്യോഗിക ആപ്പായ കേരള ടൂറിസം ഡൗൺലോഡ് ചെയ്യണം
●തുടർന്ന് ഹെറിറ്റേജ് വാക്ക് പദ്ധതി പ്രദേശത്ത് എത്തുമ്പോൾത്തന്നെ ഇവിടെ ഓഗ്‌മെന്റഡ് റിയാലിറ്റി (എആർ)സൗകര്യം ലഭ്യമാണെന്ന സന്ദേശം ഫോണിൽ വരും.
●ആപ് വഴി കാമറ തുറന്നാൽ ദൃശ്യത്തോടൊപ്പം ആ സ്ഥലത്തിന്റെ പേര്, പ്രത്യേകത, ചരിത്രം. ആ പ്രദേശവുമായി ബന്ധപ്പെട്ട വീഡിയോകൾ എന്നിവ കാണാം. ശബ്ദസന്ദേശമായും വീഡിയോ, അനിമേഷൻ രൂപത്തിലും വിവരങ്ങൾ തെളിയും
●ഉദാഹരണത്തിന് ക്ഷേത്രഗോപുരത്തിന് മുന്നിലെത്തുന്ന സഞ്ചാരി മൊബൈൽ കാമറ ഓൺ ചെയ്തുപിടിച്ചാൽ ഗോപുരത്തിന്റെ പ്രത്യേകതകളും സവിശേഷതയുമൊക്കെ ആപ് വിവരിക്കും. തുടർന്ന് ലക്ഷദീപം, നവരാത്രി ആഘോഷം തുടങ്ങിയവയുടെ വീഡിയോയും മറ്റ് അനുബന്ധ വീഡിയോകളുടെ വിവരങ്ങളും അറിയിപ്പ് വരും. ക്ലിക് ചെയ്താൽ എച്ച്ഡി മികവിലുള്ള 360 ഡിഗ്രി വീഡിയോ തെളിയും.
●മൊബൈൽ ഗൈഡായും ആപ് പ്രവർത്തിക്കും. സമീപത്തെ ഹോട്ടലുകൾ, ശൗചാലയങ്ങൾ എന്നിവയും ആപ് കാട്ടിത്തരും
പദ്ധതിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ
കിഴക്കേകോട്ട, പഴവങ്ങാടി ക്ഷേത്രം, പുത്തരിക്കണ്ടം മൈതാനം, ചാല, വെട്ടിമുറിച്ചകോട്ട, പത്മതീർഥക്കുളം, പത്മതീർഥക്കര ശിവപാർവതി ക്ഷേത്രം, നവഗ്രഹക്ഷേത്രം, അഭേദാശ്രമം, കല്ലാനശിൽപ്പം, മേത്തൻമണി, കരുവേലപ്പുര മാളിക, നവരാത്രി ആഘോഷം, ലക്ഷദീപം, പൈങ്കുനി ഉത്സവം, വേലകളി, പള്ളിവേട്ട, അൽപ്പശി ഉത്സവം, തീർഥപാദമണ്ഡപം, കാർത്തിക തിരുനാൾ തിയറ്റർ, സിവിഎൻ കളരിസംഘം, രംഗമാളിക, സ്വാതി തിരുനാൾ മ്യൂസിയം, അനന്തവിലാസം കൊട്ടാരം, ഭജനപ്പുര, കുതിരമാളിക, കുഴിമാളിക, കൃഷ്ണവിലാസം കൊട്ടാരം, തെക്കേനട, ശൃംഗേരി മഠം, രാമവർമപുരം ഗ്രാമം, തെക്കേകോട്ട, പുത്തൻതെരുവ്, സിംഹക്കോട്ട വാതിൽ, ശ്രീവരാഹം ക്ഷേത്രം, കാഞ്ചിമഠം, നമ്പി മഠം, മിത്രാനന്ദപുരം ക്ഷേത്രം, ശംഖുചക്രം കൊട്ടാരം, പടിഞ്ഞാറേകോട്ട, സുന്ദരവിലാസം കൊട്ടാരം, വേട്ടയ്‌ക്കൊരുമകൻ ക്ഷേത്രം, മാർഗി, മതിലകം രേഖകൾ, ഫോർട്ട് സ്കൂൾ, വടക്കേ കൊട്ടാരം, ഫോർട്ട് സ്കൂൾ, ശ്രീപാദം കൊട്ടാരം, കോട്ടവാതിൽ.
പത്മനാഭ സ്വാമിക്ഷേത്രത്തിൽ ഓഗ്‌മെന്റഡ് റിയാലിറ്റി
സഞ്ചാരികൾക്ക് ഇനി ഓഗ്‌മെന്റഡ് റിയാലിറ്റി (എആർ) സാങ്കേതികവിദ്യയുടെ സഹായത്തോടെ പത്മനാഭ സ്വാമിക്ഷേത്രത്തിലെ വിസ്‌മയക്കാഴ്‌ചകൾ ആസ്വദിക്കാം. ക്ഷേത്രപരിസരത്ത് എത്തി മൊബൈൽ കാമറ ഓൺചെയ്‌താൽ ലക്ഷദീപത്തിന്റെയും ആറാട്ടിന്റെയും മനോഹര കാഴ്‌ച സ്‌ക്രീനിൽ തെളിയും. ഒപ്പം ക്ഷേത്രത്തിന്റെ ചരിത്രവും പ്രത്യേകതകളുമൊക്കെ വിവരിക്കും. വിനോദസഞ്ചാര വകുപ്പിന്റെ കേരള ടൂറിസം ആപ്പിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഓഗ്‌മെന്റഡ് റിയാലിറ്റി ഹെറിറ്റേജ് വാക്ക് എന്ന പേരിലുള്ള പദ്ധതിക്കായി 60,18,000 രൂപ വിനോദസഞ്ചാര വകുപ്പ് അനുവദിച്ചു. ഭാവിയിൽ ആലപ്പുഴയടക്കം മറ്റ് ടൂറിസം കേന്ദ്രങ്ങളിലും പദ്ധതി നടപ്പാക്കും. യഥാർഥ കാഴ്‌ചയിലേക്ക് കൃത്രിമമായി സൃഷ്ടിച്ചെടുത്ത മറ്റൊരു കാഴ്‌ചയെ സന്നിവേശിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഓഗ്‌മെന്റഡ് റിയാലിറ്റി.