തൃശൂർ: മണിപ്പൂർ വംശഹത്യയെക്കുറിച്ചുള്ള പള്ളിവികാരിയുടെ ചോദ്യങ്ങൾക്കു മുന്നിൽ ഉത്തരംമുട്ടി തൃശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ്‌ഗോപി. അവിണിശേരി കത്തോലിക്ക ഇടവകയിൽ വോട്ടുതേടി എത്തിയപ്പോഴാണ് വികാരി ഫാ. ലിജോ ചാലിശേരി മണിപ്പുർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിയോജിപ്പ് രേഖപ്പെടുത്തിയത്. എന്താണ് നിങ്ങൾ മണിപ്പുരിനെക്കുറിച്ച് മിണ്ടാത്തത് എന്ന ചോദ്യത്തിനു മുന്നിൽ സുരേഷ്‌ഗോപി സ്‌തംഭിച്ചുനിന്നു.
തുടർന്നും വികാരി ചോദ്യങ്ങൾ ഉയർത്തി. പ്രധാനമന്ത്രി മണിപ്പുർ സന്ദർശിക്കാത്തതും അവിടത്തെ ക്രിസ്‌ത്യാനികൾ അനുഭവിക്കുന്ന കൊടിയദുരിതങ്ങളും ഒന്നൊന്നായി വൈദികൻ പറഞ്ഞു. സുരേഷ്‌ഗോപി മറുപടി പറയാൻ ശ്രമിച്ചെങ്കിലും വൈദികനെ ബോധ്യപ്പെടുത്താനായില്ല. തുടർന്ന് പ്രകോപിതനായി ഇറങ്ങിപ്പോകുകയായിരുന്നു.
ഇത്തരം വിഷയങ്ങൾ അഭിമുഖീകരിക്കാൻ വൈമനസ്യമുള്ളതിനാൽ തൽക്കാലം പ്രചാരണരംഗത്തുനിന്ന് അവധിയെടുത്ത് വീട്ടിലേക്കുപോയി. കുടുംബാവശ്യമെന്നുപറഞ്ഞാണ് സുരേഷ്‌ഗോപി അവധിയെടുത്തത്. രണ്ടു ദിവസത്തിനകം മടങ്ങിയെത്തുമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. ശനിയാഴ്‌ചയാണ് ഇനി സുരേഷ്‌ഗോപിയുടെ പര്യടന പരിപാടി. ഏറെ നേരത്തേ പ്രചാരണം തുടങ്ങിയെങ്കിലും മകളുടെ വിവാഹസമയത്ത് പ്രചാരണരംഗത്തുനിന്ന് അവധിയെടുത്തു.
മാർച്ച് നാലിനാണ് വീണ്ടും പ്രചാരണം തുടങ്ങിയത്. ഇതിനിടെ ലൂർദ് പള്ളിയിൽ മാതാവിന് സമർപ്പിച്ച കിരീടത്തിലെ സ്വർണത്തിന്റെ അളവും ശാസ്താംപൂവത്ത് പ്രചാരണത്തിന് ആളില്ലാത്തതിന് വനിതകളടക്കമുള്ള പ്രവർത്തകരോട് രോഷാകുലനായതും കലാമണ്ഡലം ഗോപിയുടെ അനുഗ്രഹത്തിനായി ഇടനിലക്കാരൻ പത്മഭൂഷൻ വാഗ്ദാനം ചെയ്തതും വിവാദമായിരുന്നു.