അഹമ്മദാബാദ്: അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഒന്നാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയ കൂറ്റന്‍ സ്കോറിലേക്ക്. 255-4 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഓസ്ട്രേലിയ ഉസ്മാന്‍ ഖവാജയുടെയും കാമറൂണ്‍ ഗ്രീനിന്‍റെയും ബാറ്റിംഗ് മികവില്‍ രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടാതെ 347 റണ്‍സിലെത്തി. 150 റണ്‍സുമായി ഖവാജയും 95 റണ്‍സോടെ ഗ്രീനും ക്രീസില്‍. പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 177 റണ്‍സടിച്ചിട്ടുണ്ട്.
രണ്ടാം ദിനം തുടക്കത്തിലെ വിക്കറ്റുകള്‍ വീഴ്ത്തി ഓസ്ട്രേലിയയെ സമ്മര്‍ദ്ദത്തിലാക്കാമെന്ന ഇന്ത്യന്‍ തന്ത്രം തുടക്കത്തിലെ കാമറൂണ്‍ ഗ്രീന്‍ പൊളിച്ചു. ഉസ്മാന്‍ ഖവാജ പ്രതിരോധിച്ചു നിന്നപ്പോള്‍ മറുവശത്ത് പേസര്‍മാരെ അടിച്ചു പറത്തിയ ഗ്രീന്‍ ഓസീസിന്‍റെ സമ്മര്‍ദ്ദമകറ്റി. ആദ്യ മണിക്കൂറില്‍ തന്നെ ഓസീസിനെ 300 കടത്തിയ ഗ്രീനും ഖവാജയും ചേര്‍ന്ന് സ്പിന്നര്‍മാരെയും ഫലപ്രദമായി നേരിട്ടതോടെ ഇന്ത്യ വിക്കറ്റ് വീഴ്ത്താനാവാതെ വിയര്‍ത്തു.
പൂര്‍ണമായും ബാറ്റിംഗിനെ തുണച്ച പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് കാര്യമായ ടേണോ ബൗണ്‍സോ പേസര്‍മാര്‍ക്ക് റിവേഴ്സ് സ്വിംഗോ ലഭിക്കാഞ്ഞതും ഇന്ത്യക്ക് തിരിച്ചടിയായി. ഇന്നലെ നിര്‍ത്തിയേടത്തു നിന്ന് തുടങ്ങിയ ഖവാജയും ഗ്രീനും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് അവസരമൊന്നും നല്‍കാതെയാണ് മുന്നേറിയത്.. ഇതിനിടെ ടെസ്റ്റിലെ തന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറും ഗ്രീന്‍ സ്വന്തമാക്കി. ഇന്നലെ 49 റണ്‍സുമായി പുറത്താകാതെ നിന ഗ്രീന്‍ ഇന്ന് 46 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോള്‍ 104 റണ്‍സെടുത്ത് പുറത്താകാതെ നിന്നിരുന്ന ഖവാജയും വ്യക്തിഗത സ്കോറിന്‍റെ കൂടെ 46 റണ്‍സ് കൂട്ടിച്ചേര്‍ത്ത് 150 റണ്‍സിലെത്തി.
ഓവറില്‍ നാലര റണ്‍സ് ശരാശരിയില്‍ സ്കോര്‍ ചെയ്ത ഓസ്ട്രേലിയ രണ്ടാം ദിനം ആദ്യ സെഷനില്‍ തന്നെ വിക്കറ്റ് നഷ്ടമില്ലാതെ 92 റണ്‍സടിച്ചത് ഇന്ത്യയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കും.