ഓസ്ട്രേലിയക്കാരനായ ഒരു സ്വര്‍ണ്ണവേട്ടക്കാരന് കഴിഞ്ഞ ദിവസം കിട്ടിയത് ഒരു കോടി മുപ്പത്തിരണ്ട് ലക്ഷത്തോളം രൂപ (1,32,24,208) വിലമതിക്കുന്ന സ്വര്‍ണ്ണം. അദ്ദേഹം ഖനനം ചെയ്ത 4.6 കിലോഗ്രാം പാറക്കഷ്ണത്തില്‍ നിന്നാണ് ഇത്രയും രൂപ വിലയുള്ള സ്വര്‍ണ്ണ നിക്ഷേപം അദ്ദേഹത്തിന് ലഭിച്ചത്. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഈ സ്വര്‍ണ്ണവേട്ടക്കാരന്‍ വിക്ടോറിയയിലെ ഗോൾഡൻ ട്രയാംഗിൾ എന്ന സ്ഥലത്ത് നിന്നാണ് നിധി വേട്ട നടത്തിയതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 1800 കാലഘട്ടത്തില്‍ സ്വര്‍ണ്ണ വേട്ടയ്ക്ക് പേരുകേട്ട സ്ഥലമായിരുന്നു ഇവിടം.
തന്‍റെ 43 വര്‍ഷത്തെ ജോലിക്കിടെ കണ്ട ഏറ്റവും വലിയ നിധിയാണിതെന്ന് ഇത്തരം സ്വര്‍ണ്ണത്തിന്‍റെ വ്യാപാരിയായ ഡാരന്‍ കാമ്പ് പറയുന്നു. “ഞാൻ ഞെട്ടിപ്പോയി… ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം കണ്ടെത്താവുന്ന കാര്യമാണ്,” അദ്ദേഹം കൂട്ടിചേര്‍ത്തു. വലിയ ബാക്ക് പാക്ക് ധരിച്ച ഒരാള്‍ മെൽബണിന് തെക്ക്-പടിഞ്ഞാറ് ഒരു മണിക്കൂറോളം ദൂരത്തുള്ള ഗീലോംഗിലെ തന്‍റെ സ്റ്റോറിലേക്ക് വന്നപ്പോള്‍ താന്‍ ഇത്രയും ഓര്‍ത്തില്ലെന്നും സാധാരണയായി ആളുകള്‍ സ്വര്‍ണ്ണം പോലെ തോന്നിക്കുന്ന പാറ കഷ്ണങ്ങളുമായാണ് വരുന്നതെന്നും ഡാരന്‍ പറഞ്ഞു. മെറ്റല്‍ ഡിറ്റക്‍ടര്‍ ഉപയോഗിച്ചായിരുന്നു ഈ സ്വര്‍ണ്ണം കണ്ടെത്തിയത്.
ബാഗില്‍ നിന്നും പാറയെടുത്ത് എന്‍റെ കൈയില്‍ തരുമ്പോള്‍ ഇതിന് പതിനായിരം ഡോളര്‍ കിട്ടുമോയെന്നാണ് അയാള്‍ ചോദിച്ചത്. എന്നാല്‍ 4.6 കിലോഗ്രാം ഭാരമുണ്ടായിരുന്ന ആ പാറയില്‍ ഏകദേശം 2.6 കിലോ സ്വര്‍ണ്ണമാണ് ഉണ്ടായിരുന്നത്. അയാള്‍ എന്നോട് ഭാര്യ സന്തോഷവധിയായിരിക്കും എന്നായിരുന്നു അപ്പോള്‍ മറുപടി പറഞ്ഞതെന്നും ഡാരന്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരം കണ്ടെത്തലുകള്‍ അപൂര്‍വ്വമാണെങ്കിലും ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ശേഖരം ഓസ്ട്രേലിയയിലാണ് കരുതുന്നു. ലോകത്തില്‍ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ സ്വര്‍ണ്ണകട്ടികള്‍ പലതും കണ്ടെത്തിയത് ഓസ്ട്രേലിയയില്‍ നിന്നാണ്.