ഭോപ്പാൽ: മൂന്നര വയസ്സുള്ള കുഞ്ഞിനെ വാഹനത്തിനുള്ളിൽ വച്ച് ക്രൂരമായി ബലാത്സംഗം ചെയ്ത ബസ് ഡ്രൈവറുടെ വീട് അധികൃതര്‍ ഇടിച്ചുപൊളിച്ചു. പൊലീസിന്റെ നേതൃത്വത്തിലാണ് വീട് പൊളിച്ചത്. അനധികൃതമായി നിര്‍മ്മിച്ചതാണെന്നാണ് വീട് പൊളിക്കുന്നതിനായി അധികൃതര്‍ പറഞ്ഞ ഔദ്യോഗിക കാരണം. ഭോപ്പാലിലെ ഷാഹ്പുരയിലാണ് ബസ് ഡ്രൈവറുടെ വീട്. വളരെ ചെറിയ ഷീറ്റിട്ട വീടാണ് ഇയാളുടേത്. ചുറ്റികയും മറ്റും ഉപയോഗിച്ചാൺണ് ഇത് ഇടിച്ച് പൊളിച്ചത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി പ്രകാരം സംഭവം നടക്കുമ്പോൾ ബസിൽ കുട്ടികളുടെ ആയ കൂടി ഉണ്ടായിരുന്നു. ഇവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കുട്ടി വീട്ടിലെത്തിയപ്പോൾ ഭാഗിലുണ്ടായിരുന്ന മറ്റൊരു കൂട്ട് ഉടുപ്പാണ് മകൾ ധരിച്ചിരിക്കുന്നതെന്ന് അമ്മ ശ്രദ്ധിച്ചു. സംഭവത്തെ കുറിച്ച് ക്ലാസ് ടീച്ചറോടും പ്രിൻസിപ്പലിനോടും ചോദിച്ചപ്പോൾ ഉടുപ്പ് മാറ്റിയിട്ടില്ലെന്ന് അറിയിച്ചു. പിന്നീട് ജനനേന്ദ്രിയത്തിൽ വേദനയുണ്ടെന്ന് കുട്ടി പറഞ്ഞതോടെ കുട്ടിയെ രക്ഷിതാക്കൾ കൗൺസിലറുടെ അടുത്ത് കൊണ്ടുപോകുകയും അവിടെ വച്ച് ബസ് ഡ്രൈവര്‍ ബലാത്സംഗം ചെയ്തതായി കുട്ടി പറയുകയും ചെയ്തു. ഇയാളാണ് കുട്ടിയുടെ ഉടുപ്പ് മാറ്റിയത്.
അടുത്ത ദിവസം സ്കൂളിൽ പോയ രക്ഷിതാക്കൾ സംഭവത്തിൽ പരാതി നൽകി. കുട്ടി ഡ്രൈവറെ തിരിച്ചറിഞ്ഞു. ഇവര്‍ പിന്നീട് പൊലീസിലും പരാതി നൽകി. പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എസിപി നിധി സക്സേന പറഞ്ഞു. ആയയും വാഹനത്തിലുണ്ടായിരുന്നുവെന്ന രക്ഷിതാക്കളുടെ പരാതിയിൽ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സംഭവം പുറത്തെത്താതിരിക്കാൻ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് നീക്കം നടന്നതായി ആരോപണം ഉയരുന്നുണ്ട്. സ്കൂളിന്റെ പങ്ക് അന്വേഷിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോട്ടം മിശ്ര പറഞ്ഞു. സംഭവത്തിൽ പ്രതികരിക്കാൻ സ്കൂൾ പ്രിൻസിപ്പൽ ഇതുവരെയും തയ്യാറായിട്ടില്ല. നഗരത്തിലെ ഒരു പ്രമുഖ സ്കൂളിലാണ് വിദ്യാര്‍ത്ഥി പഠിക്കുന്നതെന്ന് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടി വീട്ടിലേക്ക് വരുന്നതിനിടെയാണ് ക്രൂരത നടന്നത്.