ദില്ലി : സിഎൻജി വിലവർധനയ്‌ക്കെതിരെ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുകയാണ് ദില്ലിയിലെ ഓട്ടോ ടാക്സി ഡ്രൈവർമാർ. തിങ്കളാഴ്ച്ച മുതൽ നഗരത്തിലെ ഗതാഗതം മുടക്കിയുള്ള സമരത്തിലേക്ക് നീങ്ങുമെന്നാണ് പ്രഖ്യാപനം. സിഎൻജി വിലയിൽ മുപ്പത്തിയഞ്ച് രൂപ സബ്സിഡി നൽകുകയോ യാത്രനിരക്ക് വർധിപ്പിക്കുകയോ വേണമെന്നാണ് ആവശ്യം. 25 വർഷമായി ദില്ലിയിലെ ഓട്ടോറിക്ഷ ഓടിക്കുകയാണ് ബീഹാർ സ്വദേശി ഗോപാൽ. മലീനീകരണം കുറയ്ക്കാം, കുറഞ്ഞവിലയിൽ ഇന്ധനം അടക്കം സർക്കാർ പ്രഖ്യാപനങ്ങളാണ് ഗോപാലിനെയും സിഎൻജി ഓട്ടോറിക്ഷകളിലേക്ക് ആദ്യം ആകർഷിച്ചത്. നേരത്തെ 130 രൂപയ്ക്ക് ഫുൾ ടാങ്ക് നിറച്ചിടത്ത് നിലവിൽ മൂന്നൂറെങ്കിലും വേണം. ഇങ്ങനെ മുന്നോട്ട് പോകാനാകില്ലെന്നാണ് ഗോപാൽ പറയുന്നത്. “ആകെ പ്രശ്നമാണ് ഈ ജോലി തുടരുന്നത് കൊണ്ട് കാര്യമില്ല”- ഗോപാൽ പറയുന്നു.
“കുടുംബ ബജറ്റ് തന്നെ താളം തെറ്റി, കുട്ടികളുടെ കാര്യം അടക്കം പ്രതിസന്ധിയിലാണ്”. 11 രൂപയ്ക്ക് ഒരുകിലോ സിഎൻജി കിട്ടിയിരുന്ന കഥയാണ് ദില്ലി സ്വദേശി റാത്തോഡ് പറയുന്നത്. എന്നാൽ, കഴിഞ്ഞ ഒരു മാസത്തിനിടെ 13രൂപയിലധികമാണ് ദില്ലിയിൽ സിഎൻജിക്ക് വില കൂടിയത്. നിലവിൽ ഒരു കിലോ സിഎൻജി വാങ്ങാൻ 71 രൂപ വേണം. യാത്രക്കൂലി വർധനവോ സബ് സിഡിയോ കിട്ടാതെ മുന്നോട്ട് പോകാനാകില്ല. “പ്രധാനമന്ത്രി പറയുന്നത് അഛാ ദിൻ വരുമെന്നാണ് , പക്ഷേ എന്ന് വരുമെന്ന് മാത്രം അറിയില്ല”- രവി പറയുന്നു.
ആവശ്യങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രി മുതൽ ദില്ലി മുഖ്യമന്ത്രിക്ക് വരെ പരാതികൾ നൽകി. നടപടിക്ക് സർക്കാർ ഇല്ലാത്തതിനാലാണ് പുതിയ സമരമാർഗം സ്വീകരിക്കാൻ കാരണമെന്ന് യൂണിയനുകൾ പറയുന്നു. ഒരു ലക്ഷത്തോളം ഓട്ടോകളാണ് ദില്ലിയിലുള്ളത്. ദില്ലിയിലെ പൊതുഗതാഗത സംവിധാനം തന്നെ സിഎൻജിയെ ആശ്രയിച്ചാണ്.