തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ മേയ് ഒന്നു മുതൽ കൂടുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വിദ്യാർഥികളുടെ യാത്രാനിരക്ക് കൂട്ടുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം ഇതുമായി ബന്ധപ്പെട്ട് നിയോഗിച്ചിരിക്കുന്ന സമിതിയുടെ റിപ്പോർട്ട് വന്നശേഷം കൈക്കൊള്ളുമെന്നും മന്ത്രി തിരുവനന്തപുരത്ത് അറിയിച്ചു. കോവിഡ് കാലത്ത് ഏർപ്പെടുത്തിയ പ്രത്യേക യാത്രാനിരക്ക് വർധനവ് പിൻവലിച്ചതായും മന്ത്രി വ്യക്തമാക്കി.
എന്നാൽ, നിരക്കു പിൻവലിച്ചതായി അറിയില്ലെന്നായിരുന്നു കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെ പ്രതികരണം. 2020ൽ കോവിഡ് സ്പെഷൽ നിരക്കായി ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് അടക്കമുള്ള ബസുകളിൽ 25 ശതമാനം താൽക്കാലിക നിരക്ക് ഏർപ്പെടുത്തിയിരുന്നു. നിരക്കു വർധനവ് സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ ശുപാർശ അനുസരിച്ച് ബസിന് മിനിമം ചാർജ് 8 രൂപയിൽനിന്ന് പത്തായാണ് വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഓട്ടോയുടെ മിനിമം നിരക്ക് 25 രൂപയിൽനിന്ന് 30 ആയി ഉയരും. ബസുകളുടെ മിനിമം ചാർജ് കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപ വർധിക്കും. നേരത്തെ ഇത് 90 പൈസ ആയിരുന്നു. ഓട്ടോ മിനിമം ചാർജ് നേരത്തെ ഒന്നര കിലോമീറ്ററിന് 25 രൂപയായിരുന്നു. ഇത് രണ്ട് കിലോമീറ്ററിനു 30 രൂപയായാണ് വർധിപ്പിച്ചത്. അധികം വരുന്ന ഓരോ കിലോമീറ്ററിനും 15 രൂപയാക്കി. നേരത്തെ 12 രൂപയായിരുന്നു.
കെ സ്വിഫ്റ്റ് ബസുകൾ ആദ്യ യാത്രയിൽത്തന്നെ അപകടത്തിൽപ്പെട്ടതു സംബന്ധിച്ച് മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ വാർത്തകൾ നൽകിയതുകൊണ്ടാണ് അന്വേഷണത്തിനു നീങ്ങിയതെന്നും മന്ത്രി വ്യക്തമാക്കി. ചെറിയ അപകടമാണ് ഉണ്ടായത്. മാധ്യമങ്ങൾ അപകടത്തേക്കുറിച്ച് അൽപം അതിശയോക്തി കലർത്തിയല്ലേ വാർത്ത നൽകിയത് എന്ന് സംശയമുണ്ട്. എങ്കിലും എന്തെങ്കിലും തരത്തിലുള്ള ദുരൂഹതയുണ്ടെങ്കിൽ അത് നീക്കുന്നതിനാണ് തുടർനടപടിയെന്നും മന്ത്രി വ്യക്തമാക്കി.