മുംബൈ : ഇന്ത്യ വാങ്ങുന്ന അസംസ്കൃത എണ്ണയുടെ ശരാശരിവില 70 ഡോളറിൽ താഴെയെത്തി. പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെല്ലിന്റെ കണക്കനുസരിച്ച് ഏപ്രിൽ 15 വരെയുള്ള ഇന്ത്യൻ ബാസ്കറ്റിലെ ശരാശരിവില 68.48 ഡോളറാണ്. 2021 ഓഗസ്റ്റിനുശേഷം ആദ്യമായാണ് ഇന്ത്യ വാങ്ങുന്ന അസംസ്കൃത എണ്ണയുടെ ശരാശരിവില ഏതെങ്കിലും മാസത്തിൽ 70 ഡോളറിൽ താഴെയാകുന്നത്. അമേരിക്കയുടെ തീരുവയുദ്ധത്തിൽ അന്താരാഷ്ട്ര അസംസ്കൃത എണ്ണവില കുത്തനെ കുറഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് വില വീപ്പയ്ക്ക് 65.16 ഡോളറിലാണ് ബുധനാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡിനിത് 61.83 ഡോളറാണ്.
ഈമാസം ആദ്യം ബ്രെന്റ് ക്രൂഡ് വില 60 ഡോളറിനടുത്തെത്തിയിരുന്നു. ചൊവ്വാഴ്ച ശരാശരി 66.55 ഡോളറിനാണ് ഇന്ത്യ എണ്ണവാങ്ങിയത്. അസംസ്കൃത എണ്ണയുടെ ശരാശരിവില കുറയുന്നത് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കുറയുന്നതിൽ പുതിയപ്രതീക്ഷകൾ നൽകുന്നതാണ്. ഇപ്പോഴത്തെ ഡോളർവില പരിഗണിച്ചാൽപോലും എണ്ണവിതരണക്കമ്പനികൾക്ക് ഒരു ലിറ്റർ ഇന്ധനത്തിന് പത്തുമുതൽ 12 രൂപ വരെ ലാഭമുണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാൽ, അന്താരാഷ്ട്ര ബെഞ്ച് മാർക്കിനനുസരിച്ച് ഇന്ത്യയിൽ പെട്രോളിന്റെയും ഡീസലിന്റെയും അടിസ്ഥാനവിലയിൽ മാറ്റംവരുത്തിയിട്ടില്ല. ഏപ്രിൽ ഏഴിന് പെട്രോളിയം കമ്പനികൾ പെട്രോൾ, ഡീസൽ എന്നിവയുടെ അടിസ്ഥാനവിലയിൽ രണ്ടുരൂപയുടെ കുറവുവരുത്തിയിരുന്നു. എന്നാൽ, കേന്ദ്രസർക്കാർ എക്സൈസ് തീരുവ രണ്ടുരൂപവീതം കൂട്ടിയതോടെ ഈ നേട്ടം സാധാരണക്കാർക്ക് അന്യമായി.