ദീർഘായുസ്സായിരിക്കാൻ പല വഴികളും നമ്മൾ പലരും പറയാറുണ്ട്. നല്ല ഭക്ഷണം കഴിക്കുക, ശുദ്ധമായ വായു ശ്വസിക്കുക, വ്യായാമം ചെയ്യുക, മദ്യപാനം, പുകവലി തുടങ്ങിയ ദുശ്ശീലങ്ങൾ ഒഴിവാക്കുക, എപ്പോഴും സന്തോഷമായിട്ടിരിക്കാൻ നോക്കുക, നന്നായി ഉറങ്ങുക അങ്ങനെ പലതും. എന്നാൽ, ഇവിടെ നൂറ് വയസ്സായ ഒരു ബ്രിട്ടീഷ് വനിത പറയുന്നത് താൻ ദീർഘായുസ്സായിരിക്കുന്നതിന് പിന്നിൽ വേറെ ചില കാരണങ്ങൾ കൂടി ഉണ്ട് എന്നതാണ്. എന്താണ് പ്രധാന കാരണം എന്നോ അപരിചിതരായ പുരുഷന്മാരോട് മിണ്ടാതിരിക്കുക. അവരെ പൂർണമായും ഒഴിവാക്കുക.
നൂറ് വയസുകാരി ഒലിവ് വെസ്റ്റർമാനാണ് തന്റെയീ ദീർഘായുസിന്റെ കാരണം അപരിചിതരായ പുരുഷന്മാരോട് മിണ്ടാതിരിക്കലാണ് എന്ന് പറയുന്നത്. ഒലിവിന്റെ ഭർത്താവ് സാം ഇപ്പോൾ മരിച്ചു. എന്നാൽ, അതിന് മുമ്പ് എഴുത്തുകാരനും ട്രാവൽ ക്ലർക്കുമായിരുന്ന സാമിനൊപ്പം ലോകമാകെ യാത്ര ചെയ്ത ആളാണ് ഒലിവ്. ദമ്പതികൾക്ക് കുട്ടികൾ ഇല്ല.
ഒരു നഴ്സറി നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു ഒലിവ്. കുട്ടികളോടൊപ്പമുള്ള ജോലിയും തന്നെ എന്നും ചെറുപ്പമായിരിക്കാൻ സഹായിച്ചിട്ടുണ്ട് എന്നും അവർ സമ്മതിക്കുന്നു. കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ഹാപ്പിയായും ഊർജ്ജസ്വലമായും ആണ് ഒലിവ് തന്റെ പിറന്നാൾ ആഘോഷിച്ചത്. ചെസ്റ്ററിലെ ഡീവാട്ടർ ഗ്രാഞ്ച് റെസിഡൻഷ്യൽ ഹോമിൽ നടന്ന പിറന്നാൾ ആഘോഷത്തിൽ ഒലിവ് പറഞ്ഞത് ഇങ്ങനെ; ‘അപരിചിതരായ ആണുങ്ങളോട് സംസാരിക്കുന്നത് ഒഴിവാക്കൂ, അപ്പോൾ തന്നെ നിങ്ങൾ സന്തോഷമായിട്ടിരിക്കും.’
ഒപ്പം, ‘സന്തോഷമായിട്ടിരിക്കാൻ നാം ചെയ്യേണ്ടത് സംതൃപ്തനായിരിക്കുക എന്നതാണ്. ഉള്ളത് പരമാവധി പ്രയോജനപ്പെടുത്തുക. വർഷങ്ങളായി ഞാൻ കുട്ടികളോടൊപ്പമാണ് ഏറെ സമയം ചെലവഴിക്കുന്നത്. അത് എപ്പോഴും ഉള്ളിൽ ചെറുപ്പം നില നിൽത്താൻ സഹായിച്ചു. ഇപ്പോൾ എനിക്ക് 100 വയസ്സായി എന്ന് പോലും എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. അത് അതിശയകരം തന്നെ’ എന്നും ഒലിവ് പറയുന്നു.