ഇന്ന് ലോക ഉറക്കദിനമാണ്. ഉറക്കവും ആരോഗ്യവും തമ്മിലുള്ള ബന്ധം, ഉറക്കം ആരോഗ്യത്തിനെ എത്രമാത്രം സ്വാധീനിക്കുന്നു എന്നീ വിഷയങ്ങളില്‍ കൂടുതല്‍ പേരെ ബോധവത്കരിക്കുകയെന്ന ലക്ഷ്യമാണ് ഇക്കുറി ഉറക്കദിനത്തിനുള്ളത്. ഈ ദിവസം ഉറക്കവുമായി ബന്ധപ്പെട്ട ഒരുപാട് വിഷയങ്ങള്‍ ചര്‍ച്ചകളില്‍ വരുന്നുണ്ട്.
ഉറക്കമില്ലായ്മ പലരെയും വലയ്ക്കുന്നൊരു പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും ഉറക്കമില്ലായ്മയുണ്ടാകാം. ഇത് പതിവാകുന്നുവെങ്കില്‍ തീര്‍ച്ചയായും ഡോക്ടറുടെ സഹായത്തോടെ കാരണം കണ്ടെത്തി, ചികിത്സ തേടേണ്ടതുണ്ട്. നമ്മള്‍ പകല്‍ എങ്ങനെ ചെലവിട്ടു, എത്രത്തോളം മാനസികസമ്മര്‍ദ്ദങ്ങളുണ്ട് എന്നിങ്ങനെ നമ്മള്‍ കഴിക്കുന്ന ഭക്ഷണം വരെ നമ്മുടെ ഉറക്കത്തെ സ്വാധീനിക്കാറുണ്ട്.
ഇത്തരത്തില്‍ നമ്മുടെ ഉറക്കം കെടുത്താൻ സാധ്യതയുള്ള ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്…
ഉറങ്ങുന്നതിന് ഏതാനും മണിക്കൂറുകള്‍ മുമ്പായി തക്കാളി കഴിച്ചാല്‍ അത് ഉറക്കത്തെ ബാധിക്കാം. തക്കാളിയില്‍ അടങ്ങിയിട്ടുള്ള ‘ടിരാമൈൻ’ എന്ന അമിനോ ആസിഡാണ് ഇതിന് കാരണം. ഇത് തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്നത് മൂലമാണ് ഉറക്കം ശരിയാകാതെ പോകുക. അതുപോലെ ചിലരില്‍ തക്കാളി അസിഡിറ്റിയുമുണ്ടാക്കും. ഇതും ഉറക്കത്തെ ബാധിക്കാം.
രണ്ട്…
വൈറ്റ് ബ്രഡും ഉറക്കത്തെ അലോസരപ്പെടുത്തുന്ന ഭക്ഷണമാണ്. ഒരുപാട് റിഫൈൻഡ്-കാര്‍ബ് അടങ്ങിയതിനാല്‍ ഗ്ലൈസമിക് സൂചിക ഉയര്‍ന്ന ഭക്ഷണമാണ് വൈറ്റ് ബ്രഡ്. അതിനാല്‍ ഇത് കഴിക്കുന്നതോടെ രക്തത്തിലെ ഷുഗര്‍നിലയില്‍ പെട്ടെന്ന് മാറ്റം വരികയാണ്. ഇതാണ് ഉറക്കത്തെ പ്രശ്നത്തിലാക്കുന്നത്.
മൂന്ന്…
നല്ല സ്പൈസിയായ ഭക്ഷണവും ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് കഴിക്കുന്നത് നല്ലതല്ല. ഇവ ശരീരത്തിന്‍റെ താപനില വര്‍ധിപ്പിക്കുകയും, അസിഡിറ്റി (നെഞ്ചിരിച്ചില്‍ – പുളിച്ചുതികട്ടല്‍) ഉണ്ടാക്കുകയും ചെയ്യുന്നതോടെയാണ് ഉറക്കം പ്രശ്നത്തിലാകുന്നത്. ജങ്ക് ഫുഡ് രാത്രിയില്‍ ഒഴിവാക്കണമെന്ന് പറയുന്നതിന് പിന്നിലെ കാരണവും ഇതാണ്.
നാല്…
പലരും രാത്രിയില്‍ ഐസ്ക്രീം കഴിക്കാറുണ്ട്. എന്നാല്‍ ഇതിലെ ഉയര്‍ന്ന ഫാറ്റും മധുരവും ഉറക്കത്തെ അലോസരപ്പെടുത്തുന്നു.
അഞ്ച്…
രാത്രിയില്‍ ചിലയിനം ചോക്ലേറ്റുകളും ഡിസേര്‍ട്ടുകളും കഴിക്കുന്നതും ഉറക്കത്തെ പ്രശ്നത്തിലാക്കാം. ഇവയിലടങ്ങിയിരിക്കുന്ന ‘ടൈറോസിൻ’ എന്ന ഘടകമാണ് പ്രധാനമായും ഇതിന് കാരണമാകുന്നത്. നേരത്തെ സൂചിപ്പിച്ചത് പോലെ ഇത് ഉണര്‍ന്നിരിക്കാൻ തലച്ചോറിനെ പ്രേരിപ്പിക്കും. അതുപോലെ ചില ചോക്ലേറ്റുകള്‍ നെഞ്ചിടിപ്പ് കൂട്ടും. ഉദാഹരണത്തിന് ഡാര്‍ക് ചോക്ലേറ്റ്. നെഞ്ചിടിപ്പ് കൂടുന്നതും ഉറക്കത്തെ ബാധിക്കാം. ചോക്ലേറ്റിലും പലഹാരങ്ങളിലുമുള്ള ഉയര്‍ന്ന ഷുഗറും വില്ലനായി വരുന്നു. കഫീൻ കൂടി അടങ്ങിയ വിഭവങ്ങളാണെങ്കിലും ഇതും ഉറക്കത്തെ പ്രശ്നത്തിലാക്കാം.