ന്യൂഡൽഹി: സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് നീലോത്പൽ മൃണാൾ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. കഴിഞ്ഞ പത്തു വർഷമായി ഇയാൾ തന്നെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയാണെന്നാണ് 32 വയസ്സുകാരിയുടെ പരാതിയിൽ പറയുന്നത്. ഉത്തർപ്രദേശിലെ ഗോരഖ്പുർ സ്വദേശിനിയുടെ പരാതിയിൽ ഡൽഹിയിലെ തിമർപുർ പൊലീസ് സ്റ്റേഷനിൽ സാഹിത്യകാരനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തു.
യുപിഎസ്‌സി പരീക്ഷയ്ക്കു തയാറെടുക്കുന്നതിനായി കഴിഞ്ഞ പത്തു വർഷമായി ഡൽഹിയിലെ മുഖർജി നഗറിൽ വാടകയ്ക്കു താമസിക്കുകയാണ് യുവതി എന്നാണ് പരാതിയിൽ പറയുന്നത്. പത്തു വർഷം മുൻപ് സമൂഹ മാധ്യമത്തിലൂടെയാണ് യുവതി മൃണാളിനെ പരിചയപ്പെടുന്നത്. 2013ൽ തനിക്കെതിരെ നടന്നൊരു അതിക്രമവും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
‘2013ൽ കണ്ണിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് എയിംസ് ആശുപത്രിയിൽ പോയി തിരിച്ചെത്താൻ കുറച്ചു വൈകി. ഇതേച്ചൊല്ലി അയാൾ അസഭ്യം പറയുകയും അടിക്കുകയും ചെയ്തു. ഞാൻ കരയാൻ തുടങ്ങിയപ്പോൾ അയാൾ എന്നെ ബലമായി കയറിപ്പിടിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. അടുത്ത ദിവസം വന്ന് എന്നോട് ക്ഷമ ചോദിക്കുകയും വിവാഹം ചെയ്യാമെന്നു വാക്കു നൽകുകയും ചെയ്തു’ – യുവതിയുടെ പരാതിയിൽ പറയുന്നു.
പൊലീസിൽനിന്നു രക്ഷപ്പെടാൻ കഴിഞ്ഞ കുറേ വർഷങ്ങളായി അയാൾ ഇതേ വാഗ്ദാനം ആവർത്തിക്കുകയാണ്. അയാളുടെ വ്യാജ വാഗ്ദാനത്തിൽ കബളിപ്പിക്കപ്പെട്ട നിരവധി പെൺകുട്ടികളിൽ ഒരാൾ മാത്രമാണ് താനെന്ന് പീന്നീട് അയാളുടെ ഫോൺ പരിശോധിച്ചപ്പോൾ മനസ്സിലായെന്നും യുവതി പറയുന്നു. ഇതിനു പുറമേ താൻ സാഹിത്യകാരനെ പണം ആവശ്യപ്പെട്ട് ബ്ലാക്മെയിൽ ചെയ്യുകയാണെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ തന്റെ പിതാവിനെ വിളിച്ചു പറഞ്ഞെന്നും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടി.