ദില്ലി: അയോധ്യ പ്രതിഷ്ഠാ ദിനത്തിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ബിജെപി നേതാക്കൾ. കേന്ദ്രമന്ത്രി അമിത് ഷാ ബിർള മന്ദിർ ദർശനം നടത്തി പ്രതിഷ്ഠ ചടങ്ങുകൾ തത്സമയം കാണും. ബിജെപി അധ്യക്ഷൻ ജെ പി നദ്ദ ജണ്ടെവാല ക്ഷേത്രത്തിലെത്തും. മന്ത്രി അശ്വിനി വൈഷ്ണവ് ജഗന്നാഥ ക്ഷേത്രത്തിലും എത്തും.
അയോധ്യയിലെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് സംസ്ഥാനത്തും വിവിധ പരിപാടികൾ നടത്താൻ ബിജെപിയും ഹിന്ദു സംഘടനകളും. ക്ഷേത്രങ്ങളും വീടുകളും കേന്ദ്രീകരിച്ചാവും ചടങ്ങുകൾ. തിരുവനന്തപുരത്ത് വഴുതക്കാട് രമാദേവി ക്ഷേത്രത്തിലെ ചടങ്ങിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും ബിജപി നേതാക്കളും പങ്കെടുക്കും .ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോട്ടയം രാമപുരം ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുക്കും. വൈകീട്ട് വീടുകളിൽ വിളക്ക് തെളിയിക്കും.
അയോധ്യയിലെ രാമക്ഷേത്രത്തിൽ ശ്രീരാമൻ്റെ ബാല വിഗ്രഹമാണ് പ്രതിഷ്ഠിക്കുന്നത്. ഉച്ചക്ക് 12. 20 നും, 12.30 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് പ്രതിഷ്ഠ. ചടങ്ങിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 11 മണിയോടെ രാമജന്മഭൂമിയിലെത്തും. ചടങ്ങിൽ യജമാന സ്ഥാനമാണ് പ്രധാനമന്ത്രിക്ക്. പ്രതിഷ്ഠക്ക് ശേഷം നാളെ മുതൽ ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും.