നാവിന് ഇഷ്ടപ്പെട്ട ഭക്ഷണവിഭവങ്ങള്‍ അവ ആരോഗ്യത്തിന് നല്ലതാണോ എന്നൊന്നും നോക്കാതെ കഴിക്കുന്നതാണ് നമ്മില്‍ പലരുടെയും ശീലം. എന്നാല്‍ ആഹാരത്തിന്‍റെ രുചിയല്ല ഗുണമാണ് പ്രധാനം. അവശ്യപോഷണങ്ങളായ പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റും വൈറ്റമിനുകളും ധാതുക്കളുമെല്ലാം ഉള്‍പ്പെടുന്നതാകണം നമ്മുടെ ഭക്ഷണം. ആരോഗ്യകരമായ ഭക്ഷണത്തെ കുറിച്ച് ആയുര്‍വേദത്തില്‍ പലകാര്യങ്ങളും പറയുന്നുണ്ട്. ഇനി പറയുന്ന മൂന്ന് ഭക്ഷണവിഭവങ്ങള്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആയുര്‍വേദ വിദഗ്ധയായ ഡോ. വൈശാലി ശുക്ല നിര്‍ദ്ദേശിക്കുന്നു.
1. ചോറ്
അത്താഴത്തിന് ചോറ് കഴിക്കണമെന്നാണ് ഡോ.വൈശാലിയുടെ പ്രധാനനിര്‍ദ്ദേശം. ഉറങ്ങും മുന്‍പുതന്നെ ചോറ് ദഹിക്കുന്ന തരത്തില്‍ രാത്രി കുറച്ച് നേരത്തെ ഇത് കഴിക്കണമെന്ന് മാത്രം. ചയാപചയത്തെ മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. ഉറങ്ങുന്ന സമയത്ത് ശരീരത്തിന് ദഹനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ മറ്റ് കാര്യങ്ങളിലേക്ക് ഊര്‍ജത്തെ തിരിച്ചു വിടാം. ശരീരത്തെ വിഷമുക്തമാക്കലും കോശങ്ങളുടെ അറ്റകുറ്റപണികളുമെല്ലാം രാത്രി നാം ഉറങ്ങുമ്പോഴാണ് ശരീരം നടപ്പാക്കുക. ഈ സമയത്ത് വയറിൽ എളുപ്പം ദഹിക്കാത്ത ഭക്ഷണം കിടക്കുന്നത് ഇത്തരം പ്രക്രിയകളെ ബാധിക്കും. ജീവിതകാലമത്രയും നല്ല ദഹനത്തിനും രാത്രിയിലെ ചോറ് കഴിപ്പ് സഹായിക്കും. പയര്‍വര്‍ഗങ്ങള്‍, പച്ചക്കറികള്‍, സൂപ്പ് എന്നിവയെല്ലാം ചോറിനൊപ്പം കഴിക്കാന്‍ ശ്രദ്ധിക്കണം.
2. ഈന്തപ്പഴം
പോഷണങ്ങള്‍ നിറഞ്ഞ ഭക്ഷണമാണ് ഈന്തപ്പഴം. ശരീരത്തിലെ അയണ്‍ തോത് സാധാരണ തോതില്‍ നിലനിര്‍ത്താനും പഞ്ചസാരയോടുള്ള ആസക്തിയും വിശപ്പും നിയന്ത്രിക്കാനും ഈന്തപ്പഴം സഹായിക്കും. പേശികളുടെ ഉടച്ച് വാര്‍ക്കലിനും പോഷണത്തിനും ഈന്തപ്പഴം വളരെ നല്ലതാണെന്നും ഡോ. വൈശാലി പറയുന്നു.
3. അരകപ്പ് ചെറുപയര്‍ പരിപ്പ്
സസ്യാഹാരികള്‍ക്ക് പ്രോട്ടീന്‍റെ സമ്പന്ന സ്രോതസ്സാണ് ചെറുപയര്‍ പരിപ്പ്. മഗ്നീഷ്യം, പൊട്ടാസിയം, ഡയറ്ററി ഫൈബര്‍ എന്നിങ്ങനെയുള്ള മൈക്രോ പോഷണങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. ചെറുപയര്‍ പരിപ്പ് കൊണ്ടുള്ള പല തരത്തിലുള്ള വിഭവങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.