ന്യൂഡൽഹി∙ ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ ഗുസ്തി താരങ്ങൾക്ക് ആദ്യമായി പ്രതിഷേധം നടത്താൻ അനുമതി വാങ്ങിയത് ബിജെപി നേതാവു കൂടിയായ ഗുസ്തി താരം ബബിത ഫോഗട്ട് ആണെന്ന സാക്ഷി മാലിക്കിന്റെയും ഭർത്താവ് സത്യവർത്ത് കഡിയാന്റെയും പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബബിത രംഗത്ത്. ഇരുവരും കോൺഗ്രസിന്റെ കയ്യിലെ കളിപ്പാവകളാണെന്ന് ബബിത ഫോഗട്ട് വിമർശിച്ചു. സമരത്തിന് അനുമതി വാങ്ങിയത് താനാണെന്ന് വ്യക്തമാക്കി സാക്ഷിയും ഭർത്താവും വിഡിയോയിൽ പ്രദർശിപ്പിച്ച കത്തിൽ തന്റെ പേരോ ഒപ്പോ ഇല്ലെന്ന് ബബിത ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും രാജ്യത്തെ നിയമവ്യവസ്ഥയിലും വിശ്വാസമുണ്ടെന്ന നിലപാട് തന്നെയാണ് തനിക്ക് അന്നും ഇന്നും ഉള്ളതെന്ന് ബബിത വിശദീകരിച്ചു.
കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ്, ഗുസ്തി താരങ്ങൾക്ക് ജന്തർ മന്തറിൽ സമരം ചെയ്യാൻ അനുമതി വാങ്ങിയത് ബിജെപിയുമായി സഹകരിക്കുന്ന തിരാത്ത് റാണ, ബബതി ഫോഗട്ട് എന്നിവരാണെന്ന് സാക്ഷിയും ഭർത്താവും അവകാശപ്പെട്ടത്. സമരം രാഷ്ട്രീയ പ്രേരിതമാണെന്നും കോൺഗ്രസാണ് ഇതിനു പിന്നിലെന്നുമുള്ള വിമർശനങ്ങളെ തള്ളിക്കൊണ്ടാണ് ഇരുവരും ഇക്കാര്യം പറഞ്ഞത്.
‘‘ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയാം. ഞങ്ങളുടെ സമരം രാഷ്ട്രീയ പ്രേരിതമല്ല. ജനുവരിയിലാണ് ഞങ്ങൾ ആദ്യമായി സമരത്തിനായി ജന്തർ മന്തറിലെത്തുന്നത്. അന്ന് അതിനായി പൊലീസിൽ നിന്ന് അനുമതി വാങ്ങിയത് രണ്ടു ബിജെപി നേതാക്കളാണ്. കോൺഗ്രസ് അല്ല സമരത്തിനു പിന്നിലെന്നത് വാസ്തവമാണ്. വനിതാ താരങ്ങൾ കഴിഞ്ഞ 10–12 വർഷമായി അനുഭവിക്കുന്ന പീഡനം ഈ രംഗത്തുളള 90 ശതമാനം പേർക്കും അറിയാം. ഇക്കാര്യത്തിൽ പ്രതിഷേധിക്കണമെന്ന് ആഗ്രഹമുള്ളവർ ഉണ്ടായിരുന്നെങ്കിലം കൂട്ടായ്മകയുടെ കുറവുകൊണ്ട് നടന്നില്ല’ – സാക്ഷിയുടെ ഭർത്താവ് സത്യവർത്ത് കഡിയാൻ പറഞ്ഞു. ഈ പരാമർശത്തിനെതിരെയാണ് ബബിത രംഗത്തെത്തിയത്.